മിശ്രവിവാഹിതര്‍ക്ക് 30,000 രൂപയുടെ ധനസഹായം നല്‍കാന്‍ കേരള സര്‍ക്കാര്‍; അനുവദിച്ചത് 12.51 കോടി രൂപ- വിശദാംശങ്ങള്‍ അറിയാം


കോഴിക്കോട്: മിശ്രവിവാഹിതരായ ദമ്പതിമാര്‍ക്ക് 30,000 രൂപയുടെ സാമ്പത്തിക സഹായവുമായി സര്‍ക്കാര്‍. മാര്‍ച്ച് 2021 വരെയുള്ള കാലയളവിനകത്ത് വിവാഹിതരായ 4,170 മിശ്രവിവാഹിതര്‍ക്കായി 12.51 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ 485 അപേക്ഷകര്‍ക്കായി സര്‍ക്കാര്‍ 1.45 കോടി രൂപ നീക്കി വച്ചിരുന്നു. എന്നാല്‍ 4,170 അപേക്ഷകര്‍ ഇനിയുമുണ്ടെന്ന സാമൂഹ്യ നീതി വകുപ്പിന്റെ കണക്കുകള്‍ പ്രകാരമാണ് പുതിയ ധനസഹായ തുക കൂടി അനുവദിച്ചത്.

സാമൂഹ്യ നീതി വകുപ്പാണ് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മിശ്രവിവാഹിതര്‍ക്കായി 30,000 രൂപ സഹായധനം അനുവദിച്ചത്. എസ്സി/ എസ്ടി വിഭാഗത്തില്‍പ്പെട്ടവരല്ലാത്ത മിശ്ര വിവാഹിതര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ എന്നിവയെ ചുമതലപ്പെടുത്തി.

ധനസഹായത്തിനായി അപേക്ഷിക്കുന്നവരുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. വിവാഹം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കേറ്റ്, ആധാര്‍ അല്ലെങ്കില്‍ വോട്ടേഴ്സ് ആഡി എന്നിവ രേഖകളായി സമര്‍പ്പിക്കണം. സംരംഭം തുടങ്ങാനോ, ഭൂമിയോ വീടോ വാങ്ങാനോ ആണ് ഈ ധനസഹായം വിനിയോഗിക്കേണ്ടത്.

ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള ജില്ല ആലപ്പുഴയാണ്. 833 മിശ്രവിവാഹിതരാണ് ധനസഹായത്തിനായി അപേക്ഷിച്ചിരിക്കുന്നത്. 784 അപേക്ഷകരുമായി തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. മലപ്പുറത്താണ് ഏറ്റവും കുറവ് അപേക്ഷകര്‍. 37 ദമ്പതികള്‍ മാത്രമേ ഇവിടെ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളു.