കേരള സർക്കാർ വാർഷികം; യുവജനങ്ങളുമായി മുഖ്യമന്ത്രിയുടെ മുഖമുഖം മെയ് മൂന്നിന് കോഴിക്കോട്, 14 ജില്ലകളിൽ നിന്നായി 2000 പേർ പങ്കെടുക്കും
കോഴിക്കോട്: സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ‘യുവജനങ്ങളുമായുള്ള മുഖാമുഖം’ പരിപാടി മെയ് മൂന്നിന് നടക്കും. രാവിലെ ഒൻപത് മുതൽ ഉച്ചക്ക് ഒരു മണി വരെ മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലാണ് പരിപാടി നടക്കുക. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള 2000ത്തിലേറെ യുവജന പ്രതിനിധികൾ പങ്കെടുക്കും. സംസ്ഥാനത്തിന്റെ വികസനത്തിൽ യുവജനങ്ങളുടെ പങ്കാളിത്തം ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിപാടിയിൽ ചർച്ച ചെയ്യും.
എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, അഡ്വ. സച്ചിൻ ദേവ്, ലിന്റോ ജോസഫ് എന്നിവർ പരിപാടിയുടെ സംഘാടനത്തിന് നേതൃത്വം നൽകും. കോഴിക്കോട് കോർപ്പറേഷൻ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടിയുടെ സംഘാടനം നിർവഹിക്കുക. പരിപാടിയുടെ മികച്ച സംഘാടനത്തിനായി സംസ്ഥാന യുവജന കമ്മീഷൻ അംഗം പി സി ഷൈജു, സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം ദിപു പ്രേംനാഥ് എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തിക്കും.
