ലഹരി മാഫിയ സംഘങ്ങളോട് യുദ്ധം പ്രഖ്യാപിച്ച് കേരളം; വ്യാപക പരിശോധന, ലഹരി വിതരണ ശൃംഗല തകർക്കാൻ മറ്റു സംസ്ഥാനങ്ങളുമായി കൈകോർക്കുന്നു


തിരുവനന്തപുരം: ലഹരി മാഫിയ സംഘങ്ങളെ അമർച്ച ചെയ്യാനൊരുങ്ങി കേരളം. ലഹരി സംഘങ്ങളുടെ വിതരണ ശൃംഖല തകർക്കാനും രാസലഹരി നിർമ്മിക്കുന്നവരെ അകത്താക്കാനും അഞ്ച് സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമായി ചേർന്ന് കേരളത്തിന്റെ ഓപ്പറേഷൻ. രാസലഹരിയടക്കം കേരളത്തിലേക്കെത്തുന്നത് തടയുകയാണ് ലക്ഷ്യം.

തമിഴ്നാട്, കർണാടകം, പുതുച്ചേരി, ആന്ധ്രാപ്രദേശ്, തെലങ്കാന, ലക്ഷദ്വീപ്, ആൻഡമാൻ എന്നിവിടങ്ങളിലെ പൊലീസും എക്സൈസുമായി ചേർന്നാണ് കേരളം മുന്നോട്ട് പോകുന്നത്. എ.ഡി.ജി.പി മനോജ് എബ്രഹാമിൻ്റ മേൽനോട്ടത്തിലാണ് ഓപ്പറേഷൻ. ഒരാഴ്ചയ്ക്കിടെ ഇവിടങ്ങളിലെ 12 വൻകിട ലഹരി വിതരണക്കാരെ ജയിലിലടയ്ക്കാൻ ഓപ്പറേഷനിലൂടെ സാധിച്ചു.

നിരവധി കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി ലഹരി വസ്തുക്കള്‍ നശിപ്പിച്ചു. തമിഴ്നാട്ടിലെ സംഭരണ കേന്ദ്രം വളഞ്ഞ് 128 കിലോ കഞ്ചാവ് പിടികൂടി. ആന്ധ്രയിലെ എം.ഡി.എം.എ മൊത്ത വ്യാപാരിയെ പിടികൂടി. ആൻഡമാനിലും ലഹരിവേട്ട നടത്തി. റെയില്‍ മാർഗമുള്ള കടത്ത് തടയാൻ ആർ.പി.എഫിനും റെയില്‍വേ പൊലീസിനും നിർദ്ദേശം നല്‍കി.

ഫോണ്‍ ചോർത്തിയും ലഹരിക്കേസ് പ്രതികളെ ചോദ്യം ചെയ്തും ലഭിക്കുന്ന വിവരങ്ങള്‍ അന്യ സംസ്ഥാന പൊലീസുകള്‍ക്ക് കൈമാറും. അവർ തനിച്ചോ കേരളാ പൊലീസുമായി ചേർന്നോ റെയ്ഡ് നടത്തും. ഇതിനായി ഉന്നത ഉദ്യോഗസ്ഥരടങ്ങിയ വാട്സ്‌ആപ്പ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്.

അന്യ സംസ്ഥാനങ്ങളിലെ വൻകിട- മൊത്ത വ്യാപാരികളെയും വിതരണക്കാരെയും പിടികൂടിയാല്‍ കേരളത്തിലേക്കുള്ള ലഹരിവരവ് കുറയുമെന്ന് കണ്ടാണ് അതിർത്തി കടന്നുള്ള ഓപ്പറേഷൻ. മാവോയിസ്റ്റ് കേന്ദ്രത്തില്‍ ഹാഷിഷ്‌ ഓയിലുണ്ടാക്കി കേരളത്തില്‍ വിതരണം ചെയ്യുന്നയാളെ തമിഴ്നാട്ടില്‍ നിന്ന് പിടികൂടിയതോടെ അതിന്റെ വരവ് കുറഞ്ഞിട്ടുണ്ടെന്നാണ് പോലീസ് വിലയിരുത്തുന്നത്.

അതോടൊപ്പം കേരളത്തിനകത്തും വ്യാപക പരിശോധനയാണ് പോലീസും എക്സൈസും ഡാൻസാഫ് സ്ക്വോഡും ചേർന്നു നടത്തുന്നത്. നിരവധി പേരെ കഴിഞ്ഞ ദിവസങ്ങളിലായി പിടികൂടാനും ലഹരി വസ്തുക്കൾ പിടിച്ചെടുക്കാനും പോലീസിന് കഴിഞ്ഞിട്ടുണ്ട്.

Summary: Kerala declares war on drug mafia gangs; joins hands with other states to conduct widespread testing and break drug distribution networks