പൂട്ട് തകര്‍ത്ത് അകത്ത് കടന്നെങ്കിലും ഒന്നുമെടുക്കാന്‍ കഴിഞ്ഞില്ല; കീഴരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നമ്പ്രത്തുകര ശാഖയില്‍ മോഷണ ശ്രമം
കൊയിലാണ്ടി: കീഴരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നമ്പ്രത്തുകര ശാഖയില്‍ മോഷണത്തിന് ശ്രമം. ഇന്നലെ രാത്രിയില്‍ മോഷ്ടാക്കള്‍ ബാങ്കിന്റെ ഷട്ടര്‍ പൂട്ട് തകര്‍ത്ത് അകത്ത് കയറിയെങ്കിലും ഒന്നുമെടുക്കാന്‍ കഴിഞ്ഞില്ല. പിന്നിലെ ജനലിന്റെ ചില്ല് തകര്‍ത്തിട്ടുണ്ട്.
രണ്ട് പേരുടെ ദൃശ്യം ബാങ്കിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇരുവരും കയ്യുറകളും മുഖാവരണവും ധരിച്ചിട്ടുണ്ട്.
അകത്ത് കടന്ന മോഷ്ടാക്കള്‍ മേശവലിപ്പ് തുറന്നുവെങ്കിലും അതിനപ്പുറം ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കൊയിലാണ്ടി സി.ഐ എന്‍.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സെയിഫ് റൂമും ലോക്കറും സുരക്ഷിതമാണെന്ന് പരിശോധനയില്‍ കണ്ടെത്തി. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി വിശദമായ പരിശോധന നടത്തി.
പണമോ ഫയലുകളോ മറ്റ് വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല എന്ന് ബാങ്ക് പ്രസിഡന്റ് ചുക്കോത്ത് ബാലന്‍ നായര്‍ അറിയിച്ചു. അടുത്ത ദിവസങ്ങളിലായി മുത്താമ്പി ഭാഗത്ത് ചെറിയ മോഷണശ്രമങ്ങള്‍ നടക്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. പൊലീസിന്റെ ഭാഗത്തു നിന്ന് കൂടുതല്‍ ജാഗ്രത വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
summery: keezhur service co-operative bank-attempted to theft