‘കീഴരിയൂര്‍ ബോംബ് കേസ് സ്വാതന്ത്യ സമര ചരിത്രത്തിലെ ആവേശം, മ്യൂസിയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത് ജനങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടതനുസരിച്ച്’; ഓംബുഡ്‌സ്മാന്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ്‌


കീഴരിയൂർ: കീഴരിയൂർ ബോംബ് കേസ് സ്മാരക മന്ദിരം ഓംബുഡ്സ്മാൻ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ കെ നിർമ്മല അറിയിച്ചു. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ആവേശവും ഉജ്ജ്വലമായ അധ്യായവുമാണ് കീഴരിയൂർ ബോബു കേസ്. ഭാരതം മുഴുവൻ ശ്രദ്ധിക്കുകയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഞെട്ടിക്കുകയും ചെയ്ത സംഭവമാണത്. എന്നാൽ ഇന്ത്യാ ചരിത്രത്തിലെ ശ്രദ്ധേയമായ സംഭവത്തെ വരുംതലമുറക്കു കൂടി ഉപകാരപ്രദമാകുംവിധം പഠന ഗവേഷണങ്ങൾക്ക് ഒരു കേന്ദ്രം എന്ന നിലയിലായിരിക്കണം സ്മാരകം വിപുലീകരിക്കേണ്ടതെന്ന് ജനങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഗ്രാമ പഞ്ചായത്ത് മ്യൂസിയം നിർമ്മിക്കാൻ തീരുമാനമെടുത്തത്.

ബോംബ് കേസ് സ്മാരക കെട്ടിടത്തിന്റെ നിലവിലെ നവീകരണ പ്രവൃത്തി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി തീരുമാനപ്രകാരം നടന്നു വരികയാണ്. മന്ദിരത്തിന്റെ താഴെ നിലയിയിൽ മ്യൂസിയം സ്ഥാപിക്കുന്നതിലുളള സ്ഥല പരിമിതി കാരണമാണ് സ്മാരകത്തിന്റെ മുകൾ നിലയും മ്യൂസിയത്തിനു വേണ്ടി സൗകര്യപ്പെടുത്തുന്നതിന് ഭരണ സമിതി തീരുമാനിച്ചത്. കമ്മ്യൂണിറ്റി ഹാൾ ആധുനിക രീതിയിൽ സൗകര്യപദമായ സ്ഥലത്ത് നടപ്പ് സാമ്പത്തിക വർഷം തന്നെനിർമ്മിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. നാടിന്റെ ആത്മാഭിമാനം ഉയർത്തി പിടിക്കാനുള്ള സംരഭങ്ങൾക്ക് ഗ്രാമ പഞ്ചായത്ത് നേതൃത്വം നൽകുമെന്നും പ്രസിഡൻ്റ് വ്യക്തമാക്കി.

Summary: Keezhriyur panchayat president that she will appeal against the verdict of the ombudsman