പേ വിഷബാധക്കെതിരെ കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത്; മുഴുവന്‍ വളര്‍ത്ത് നായകള്‍ക്കും റാബിസ് വാക്സിനേഷന്‍ എടുപ്പിക്കാന്‍ തീരുമാനം
കൊയിലാണ്ടി: പേ വിഷബാധക്കെതിരെ പൊരുതാന്‍ ഉറച്ച് കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത്. മുഴുവന്‍ വളര്‍ത്ത് നായകള്‍ക്കും, പൂച്ചകള്‍ക്കും റാബിസ് വാക്സിനേഷന്‍ ക്യാമ്പയിന്‍ നടത്താനാണ് പഞ്ചായത്ത് ഒരുങ്ങുന്നത്. തെരുവ് നായകളെകൊണ്ട് പൊറുതി മുട്ടുകയാണ് ജനം, ഈ ഒരു സാഹചര്യത്തില്‍ വളര്‍ത്തു മൃഗങ്ങളെ സംരക്ഷിക്കുക എന്നതാണ് പ്രധാനം.
പേവിഷ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ് സെപ്റ്റംബര്‍ 13,14,15 തിയ്യതികളില്‍ കീഴരിയൂര്‍ വെറ്ററിനറി ഡിസ്പെന്‍സറിയില്‍ നടക്കും. രാവിലെ 10.30 മുതല്‍ 12.30 മണി വരെയാണ് കുത്തിവെപ്പ് നടക്കുക.
നിലവില്‍ വാക്സിന്‍ ചെയ്യാത്ത എല്ലാ മൃഗങ്ങളെയും ക്യാമ്പിലെത്തിച്ച് കുത്തിവയ്പ്പ് എടുക്കേണ്ടതാണെന്ന് കീഴരിയൂര്‍ വെറ്ററിനറി ഡിസ്പെന്‍സറി സര്‍ജന്‍ അറിയിച്ചു.
രണ്ടര മാസം പ്രായമായ നായ, മൂന്നു മാസം പ്രായം തികഞ്ഞ പൂച്ച എന്നിവയ്ക്കാണ് കുത്തിവെപ്പ് എടുക്കാവുന്നത്. നിലവില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വാക്സിന്‍ എടുത്തവ വീണ്ടും വാക്‌സിന്‍ എടുക്കേണ്ടതില്ല.
കുത്തിവെപ്പിന് ശേഷം വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും. 30 രൂപ കുത്തിവെപ്പെടുക്കാനായി നല്‍കണം.
summary: Keezhriyur gram panchayat against flea poisoning; Decision to take rabies vaccination for all pet dogs