പണം കൊടുത്തു വാങ്ങിയ സ്വന്തം സ്ഥലത്ത് നിന്ന് മൂന്ന് സെന്റ് അനാമികയ്ക്ക് വീടിനായി നൽകി ദമ്പതികൾ; മാതൃകയായി കീഴ്പ്പയൂരിലെ ലോഹ്യയും ഷെറിനും


മേപ്പയൂര്‍: സ്വന്തമായി വീടെന്ന അനാമികയുടെ സ്വപ്‌നത്തിന് കരുത്തേകി കീഴ്പ്പയ്യൂരിലെ കെ. ലോഹ്യയും ഭാര്യ ഷെറിനും. വിലകൊടുത്ത് വാങ്ങിയ 11 സെന്റ് സ്ഥലത്തുനിന്നുമാണ് മൂന്ന് സെന്റ് അനമികയ്ക്കും കുടുംബത്തിനുമായി ഇവര്‍ വിട്ടുനല്‍കിയത്. ഇരുവരുടെയും പത്തൊമ്പതാം വിവാഹ വാര്‍ഷിക ദിനത്തില്‍ സ്ഥലത്തിന്റെ രേഖ അനാമികയ്ക്ക് കൈമാറി.

ടാര്‍പോളിന്‍ ഇട്ട ഒറ്റമുറിയില്‍ വൈദ്യുതി പോലും ഇല്ലാതെയാണ് അനാമികയും കുടുംബവും കഴിഞ്ഞിരുന്നത്. വൈദ്യുതിയില്ലാത്തത് മൂലം ഫോണ്‍ ചാര്‍ജ് ചെയ്ത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ വൈദ്യുതി മന്ത്രിയെ അനാമികനേരിട്ട് വിളിക്കുകയും മണിക്കൂറുകള്‍ക്കകം വൈദ്യുതി ലഭ്യമാവുകയും ചെയ്തിരുന്നു. ഇതില്ലൊം വാര്‍ത്തയായിരുന്നു. തുടര്‍ന്നാണ് അനാമികയുടെ ദുരിത ജീവിതം പുറംലോകമറിയുന്നത്.

എന്നാല്‍ വീട് വെച്ച് നല്‍കാന്‍ ചില സന്നദ്ധ സംഘടനകള്‍ രംഗത്തുവന്നുവെങ്കിലും ഭൂമി കൈവശമില്ലാത്തത് തടസ്സമായിരുന്നു. ഇതിനെകുറിച്ച് മനസിലാക്കിയ ദമ്പതികള്‍ അനാമികയ്ക്ക് വീട്വെയ്ക്കാന്‍ സ്ഥലം നല്‍കാന്‍ മുന്നോട്ടുവരുകയായിരുന്നു. ജനതാദള്‍(എസ്) കോഴിക്കോട് ജില്ലാ പ്രസിഡന്റും മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗവുമാണ് കെ.ലോഹ്യ. ഭാര്യ ഷെറിന്‍ വടകര റൂറല്‍ബാങ്ക് ജീവനക്കാരിയാണ്