ചാടി നേടിയ വിജയം; സൗത്ത് സോണ്‍ ജൂനിയര്‍ നാഷണല്‍സ് ഹൈജമ്പില്‍ വെള്ളിമെഡല്‍ സ്വന്തമാക്കി കീഴരിയൂര്‍ സ്വദേശി നഫാത്ത് അഫ്‌നാന്‍ മുഹമ്മദ്
കീഴരിയൂര്‍: ആന്ധ്രാ പ്രദേശിലെ വിജയവഡ ഗുണ്ടൂര്‍ എ.എന്‍.യു സ്റ്റേഡിയത്തില്‍ നടക്കുന്ന സൗത്ത് സോണ്‍ ജൂനിയര്‍ നാഷണല്‍സില്‍ അണ്ടര്‍-20 വിഭാഗത്തില്‍ വെള്ളിമെഡല്‍ സ്വന്തമാക്കി കീഴരിയൂര്‍ സ്വദേശി. നഫാത്ത് അഫ്‌നാന്‍ മുഹമ്മദ് ആണ് രണ്ടാം സ്ഥാനത്തോടെ വെള്ളി മെഡല്‍ നേടിയത്.
വെറും അഞ്ച് സെന്റി മീറ്ററിന്റെ വ്യത്യാസത്തിലാണ് അഫ്‌നാന് സ്വര്‍ണ്ണ മെഡല്‍ നഷ്ടമായത്. 1.95 മീറ്റര്‍ ഉയരത്തിലാണ് അഫ്‌നാന്‍ ചാടിയത്.
ഏഴ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കായിക താരങ്ങള്‍ ആണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.ഈ വിജയത്തോടെ രണ്ട് മാസത്തിനുള്ളില്‍ ഭോപ്പാലില്‍ നടക്കുന്ന ദേശീയ മീറ്റില്‍ ഇന്ത്യയിലെ മറ്റ് ജൂനിയര്‍ താരങ്ങളുമായി മാറ്റുരക്കാനും അഫ്‌നാന് അവസരം കൈവന്നിരിക്കുകയാണ്.
കോഴിക്കോട് ദേവഗിരി കോളജില്‍ ബി.കോം ഫിനാന്‍സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഫ്‌നാന്‍ കോഴിക്കോട് സായ് (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) താരമായി തെരഞ്ഞെടുക്കപ്പെടുകയും അവിടെ പരിശീലനം നടത്തി വരികയുമാണ്.
മറ്റ് നിരവധി നേട്ടങ്ങളും അഫ്‌നാനെ തേടി എത്തിയിട്ടുണ്ട്.
32-ാമത് സൗത്ത് സോണ്‍ ജൂനിയര്‍ നാഷണല്‍സില്‍ വെള്ളിമെഡല്‍, കേരള സ്റ്റേറ്റ് ജൂനിയര്‍ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് തവണ സ്വര്‍ണ്ണം, കഴിഞ്ഞ വര്‍ഷം നടന്ന ഇന്റര്‍ ക്ലബ്ബ് അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും ഈ വര്‍ഷം സ്വര്‍ണവും ഒക്കെ നേട്ടങ്ങളുടെ പട്ടികയില്‍ ചിലത് മാത്രമാണ്.
നേരത്തേ കേരള സംസ്ഥാന അത്‌ലറ്റിക്‌സ് മീറ്റില്‍ അഫ്‌നാന്‍ സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു. തന്റെ തന്നെ റെക്കോര്‍ഡ് തിരുത്തി 1.97 മീറ്റര്‍ ഉയരത്തിലാണ് അന്ന് അഫ്‌നാന്‍ ചാടിയത്.