കളി ചിരിയും തമാശയുമായി ഇനി അവനില്ല, കീഴ്പ്പയ്യൂര്‍ സ്വദേശി നിവേദിന് കണ്ണീരോടെ വിട ചൊല്ലി നാട്


പേരാമ്പ്ര: കളി ചിരികളും തമാശകളുമായി നിവേദ് ഇനി അവര്‍ക്കരികിലേക്ക് വരില്ല, പൊന്നോമന മകന്റെ മരണത്തില്‍ വിറങ്ങലിച്ചു നില്‍കുകയാണ് കീഴ്പ്പയ്യൂരിലെ വീട്ടിലുള്ളവര്‍. ഒതയോത്ത് ഗംഗാധരന്റെയും ഷീബയുടേയും മകന്‍ നിവേദാണ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. മകന്റെ അപകട വിവിരം അറിഞ്ഞത് മുതല്‍ മകന് ഒന്നും സംഭവിക്കരുതേയെന്നായിരുന്നു ഇവരുടെ പ്രാര്‍ത്ഥന. എന്നാല്‍ പ്രിതീക്ഷകളെല്ലാം വിഫലമാക്കി എന്നന്നേക്കുമായി അവന്‍ മടങ്ങി.
.
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് കീഴ്പ്പയ്യൂര്‍ സ്വദേശി നിവേദിന്റെ മരണം. പേരാമ്പ്രയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ താത്ക്കാലികമായി ജോലിക്ക് കയറിയതായിരുന്നു നിവേദ്. ഏറെ സ്വപ്‌നങ്ങള്‍ മനസില്‍ കൊണ്ടുനടന്ന യുവാവിനെ കാറപകടത്തിന്റെ രൂപത്തില്‍ മരണം കവരുകയായിരുന്നു. നിവേദിന്റെ മരണ ശേഷവും കാറോടിച്ചിരുന്നവര്‍ കാണാമറയത്താണ്.

പേരാമ്പ്രയിലെ സൂപ്പര്‍മാര്‍ക്കറ്റിലെ ജോലി കഴിഞ്ഞ് ബൈക്കില്‍ വരികയായിരുന്ന നിവേദിനെയും കാല്‍നടക്കാരനായ എരവട്ടൂരിലെ പാറപ്പുറം ചെല്ലച്ചേരി മൊയ്തിയേയും ചെറുവണ്ണൂര്‍ ഭാഗത്തു നിന്നും പേരാമ്പ്രക്ക് വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ ഇവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ കാര്‍ നിര്‍ത്താതെ പോയി. ഓടിയെത്തിയ പരിസരവാസികളും യാത്രക്കാരും ചേര്‍ന്നാണ് രണ്ടു പേരെയും പേരാമ്പ്രയിലെ ഇ.എം.എസ് സഹകരണ ആശുപത്രിയിലും, പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലും എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ നിവേദ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. മെയ് 21ന് രാത്രി 9 മണിയോടെയാണ് എരവട്ടൂര്‍ ചേനായി റോഡിന് സമീപമാണ് അപകടമുണ്ടായത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പേസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച നിവേദിന്റെ മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ നിരവധി പേരാണ് എത്തിയത്. എല്ലാവരോടും സൗമ്യമായി പെരുമാറുന്ന പ്രകൃതമായിരുന്നു നിവേദിന്റേത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നെങ്കിലും നിവേദി പഴയപടി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. എന്നാല്‍ ഇനി അവനില്ലെന്ന യാഥര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകാതെ വിതുമ്പുകയാണവര്‍.