കോഴിക്കോട് റൂറൽ ജില്ലയുടെ പുതിയ പോലീസ് മേധാവിയായി കെ.ഇ.ബൈജു ഐ.പി.എസ് ചുമതലയേറ്റു; നിധിൻ രാജ് ഐ.പി.എസ് ഇനി കണ്ണൂർ സിറ്റി പേലീസ് കമ്മീഷണർ
വടകര: കോഴിക്കോട് റൂറൽ ജില്ല പോലീസ് മേധാവിയായി കെ.ഇ. ബൈജു ഐ.പി.എസ് ചുമതലയേറ്റു. നിധിൻ രാജ്.പി ഐ.പി.എസിന് കണ്ണൂർ സിറ്റി പേലീസ് കമ്മീഷണറായി മാറ്റം ലഭിച്ചിരുന്നു. ഈ ഒഴിവിലേക്കാണ് കെ.ഇ. ബൈജു ഐ.പി.എസ് ചുമതലയേറ്റത്. കെ.ഇ. ബൈജു എറണാകുളം റേഞ്ച് ഇ.ഒ.ഡബ്ല്യൂ.സി.ബി യിൽ നിന്ന് ട്രാൻസ്ഫറായാണ് കോഴിക്കോട് റൂറൽ ജില്ലയിലേക്ക് വന്നത്.
പ്രശസ്തമായ ബണ്ടിചോർ കേസ്, നന്ദൻകോട് കൊലക്കേസ് എന്നിവയിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. യു.എൻ പൊലീസ് മെഡൽ, അന്വേഷണ മികവിനുളള കേന്ദ്ര സർക്കാറിന്റെ അതിഉദ്കൃഷ്ട് സേവാപദക് പുരസ്കാരം, കേന്ദ്ര സർക്കാറിന്റെ വിശിഷ്ട സേവാമെഡൽ, മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ, ബാഡ്ജ് ഓഫ് ഓണർ, നൂറിലധികം തവണ ഗുഡ് സർവിസ് എൻട്രി, എന്നിവ കെ.ഇ ബൈജുവിന് ലഭച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്.
കാസർകോട് രാവണീശ്വരം സ്വദേശിയാണ് കണ്ണൂർ സിറ്റി പേലീസ് കമ്മീഷണറായി സ്ഥലം മാറിപ്പോയ നിധിൻ രാജ് ഐപിഎസ്. ചോറോട് വാഹനം തട്ടി ഒമ്പതുവയസുകാരി കോമയിലാവുകയും വയോധിക മരിക്കുകയും ചെയ്ത കേസ് , കൊയിലാണ്ടിയിൽ മുളക്പൊടി വിതറി പണം തട്ടിയെന്ന കവർച്ചാ നാടകക്കേസ് തുടങ്ങിയവ നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമായിരുന്നു അന്വേഷിച്ചത്.