പൂഴിത്തോട്-പടിഞ്ഞാറത്തറ വഴി വയനാട്ടിലേക്കുള്ള ബദല്‍ റോഡ് യഥാര്‍ഥ്യമാക്കണം; റിലേ സമരത്തിലും ഒപ്പ് ശേഖരണത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.സി.വൈ.എം


പൂഴിത്തോട്: റിലേ സമരത്തിലും ഒപ്പ് ശേഖരണത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.സി.വൈ.എം രംഗത്ത്. പൂഴിത്തോട്-പടിഞ്ഞാറത്തറ വഴി വയനാട്ടിലേക്കുള്ള ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൂഴിത്തോട്ടില്‍ നടക്കുന്ന റിലേ സമരത്തിലും ഒപ്പ് ശേഖരണത്തിനുമാണ് കെ.സി.വൈ.എം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

മേഖല ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പാറത്തോട്ടത്തില്‍, ആനിമേറ്റര്‍ സി. ക്ലാരിസ, എം.എസ്.എം.ഐ. പ്രസിഡന്റ് അബിന്‍ ആന്‍ഡ്രൂസ്, സെക്രട്ടറി ലിറ്റോ തോമസ്, രൂപതാ സെക്രട്ടറി മെല്‍റ്റോ മാത്യു, സംസ്ഥാന സമിതി അംഗം റിച്ചാള്‍ഡ് ജോണ്‍, മേഖല ട്രഷറര്‍അമല്‍ ലൈനാച്ചന്‍ എന്നിവരുടെ നേതൃത്വത്തില്‍ 50 ഓളം പ്രവര്‍ത്തകര്‍ സമര പന്തലില്‍ എത്തിച്ചേര്‍ന്നു.

പൂഴിത്തോട്-പടിഞ്ഞാറത്തറ വഴി വയനാട്ടിലേക്കുള്ള ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പൂഴിത്തോട് അങ്ങാടിയില്‍ സമരം സംഘടിപ്പിച്ചിരുന്നു. പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പാണ് ഈ റോഡ്. എന്നാല്‍ വനമേഖലകൂടെ ഉള്‍പ്പെടുന്ന പാതയായതിനാല്‍ ഈ പാതയെ അവഗണിച്ച് മറ്റൊരു റൂട്ട് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് നാട്ടുകാര്‍ സമരവുമായി രംഗത്തെത്തിയത്.