വീടുകൾ കയറി സർവ്വേ, നൂറ് പേരടങ്ങുന്ന ക്ലസ്റ്ററുകൾ രൂപീകരിച്ച് ആരോഗ്യ പരിശോധന; ജീവിതശെെലി രോഗങ്ങളെ ചെറുക്കാൻ കായണ്ണ പഞ്ചായത്ത്
കായണ്ണബസാർ: ജീവിത ശൈലീ രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായുള്ള ‘ജീവതാളം’ പദ്ധതിക്ക് കായണ്ണ പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരിച്ചു.
ആദ്യ ഘട്ടത്തിൽ വീടുകൾ കയറി സർവ്വേ നടത്തി വിവര ശേഖരണം നടത്തും. 100 പേരടങ്ങുന്ന ക്ലസ്റ്ററുകൾ രൂപീകരിച്ച് അവരുടെ ആരോഗ്യ നില പരിശോധിക്കും. കൂട്ട നടത്തം, നീന്തൽ, യോഗ തുടങ്ങിയവയും സംഘടിപ്പിക്കും. വാർഡ് തല സമിതികൾ രൂപീകരിച്ച് അവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തുകയെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശശി പറഞ്ഞു.
യോഗത്തിൽ പ്രസിഡന്റ് സി.കെ.ശശി അധ്യക്ഷത വഹിച്ചു. കായണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ: മഹേഷ് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. വാർഡ് തലത്തിൽ നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾ അസീസ് സംസാരിച്ചു. ഒക്ടോബർ രണ്ടിന് ജീവതാളം പരിപാടിയുടെ ഫ്ലാഗ് ഹോസ്റ്റിംഗ് നടത്താനും യോഗത്തിൽ തീരുമാനമായി.
പഞ്ചായത്ത് അംഗങ്ങൾ, സാമൂഹ്യക്ഷേമ വകുപ്പ് പ്രതിനിധികൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശ, പാലിയേറ്റീവ് പ്രവർത്തകർ കുടുംബശ്രീ ഭാരവാഹികൾ, സർവ്വീസിൽ നിന്നും വിരമിച്ച വിദഗ്ദ്ധർ എന്നിവർ പങ്കെടുത്തു. യോഗത്തിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.കെ.നാരായണൻ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി.പങ്കജാക്ഷൻ നന്ദിയും പറഞ്ഞു.
Summary: Kayanna Panchayat to fight lifestyle diseases. Jeevathalam project started