തക്കാളി, വെണ്ട, ചീര, വഴുതിന… പത്തിനം പച്ചക്കറികള്‍; നിലമൊരുക്കലും കൃഷിയുമെല്ലാം വിദ്യാര്‍ഥികള്‍ തന്നെ; കായണ്ണയില്‍ ഹരിതം പദ്ധതിയുമായി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍


കായണ്ണ: കായണ്ണയില്‍ ഹരിതം പദ്ധതിയുമായി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍. കായണ്ണ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി ഹയര്‍ സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം സംസ്ഥാന കൃഷി വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഹരിതം 2023 സമഗ്ര കാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള അര ഏക്കര്‍ ജൈവകൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് കായണ്ണയില്‍ നടന്നു.

കായണ്ണ ടൗണിനടുത്ത് വരിക്കോളി താഴ വയലില്‍ അര ഏക്കര്‍ സ്ഥലത്താണ് എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് കൃഷി ചെയ്യുന്നത്. വെണ്ട, തക്കാളി, വെള്ളരി, ചീര, വഴുതിന തുടങ്ങി പത്തിനം പച്ചക്കറികളാണ് കൃഷി ചെയ്തത്. വിളവെടുപ്പ് ചടങ്ങ് കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശശി നിര്‍വഹിച്ചു.

കൃഷിയ്ക്കായി നിലമൊരുക്കല്‍, വിത്തിടല്‍, വളമിടല്‍, നനയ്ക്കല്‍ തുടങ്ങി എല്ലാ ജോലികളും വിദ്യാര്‍ഥികള്‍ പ്രത്യേക ടീമുകളായാണ് ചെയ്തുവന്നത്. പരീക്ഷാക്കാലമായതിനാല്‍ കൃഷി നനയ്ക്കാനും മറ്റും രക്ഷിതാക്കളുടെയും സഹായമുണ്ടായിരുന്നു. ജനുവരി മാസത്തില്‍ തുടങ്ങിയ പച്ചക്കറി കൃഷി ഏപ്രില്‍ ആദ്യവാരത്തോടെ പൂര്‍ണ്ണമായും വിളവെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിളവെടുപ്പ് ചടങ്ങില്‍ പ്രോഗ്രാം ഓഫീസര്‍ ഡോ. എം.എം.സുബീഷ് പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ.ഷിജു, വിനയ പുതിയോട്ടില്‍, കൃഷി ഓഫീസര്‍ അബ്ദുല്‍ മജീദ്, പഞ്ചായത്ത് സെക്രട്ടറി കെ.ടി.മനോജ് കുമാര്‍, പ്രധാനാധ്യാപകന്‍ കെ.വി.പ്രമോദ്, അധ്യാപകരായ സി.ബി.അലക്‌സ്, റഷീദ് പുത്തന്‍പുര, ടി.ആര്‍.ബിനോയ്, പി.ടി.എ അംഗങ്ങളായ ഷീന സജീവന്‍, ബീന, ലളിത, വളണ്ടിയര്‍ ലീഡര്‍മാര്‍ ഹൃദിന്‍ കൃഷ്മ, കെ.കെ.പൂജലക്ഷ്മി, സി.കെ.ദേവാനന്ദ്, ആര്‍.ഗായത്രി എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഇ.കെ.ഷാമിനി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ടി.സത്യന്‍ നന്ദി പറഞ്ഞു.