മായമില്ല, തീർത്തും ജൈവം; അര ഏക്കറിൽ പച്ചക്കറി വിളയിച്ച് കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ
പേരാമ്പ്ര: അര ഏക്കറില്‍ ജൈവ പച്ചക്കറി വിളയിച്ച് കായണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിലാണ് ഹരിതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പച്ചക്കറി കൃഷി ചെയ്തത്. വെള്ളരി, കയ്പ, ചീര, പയര്‍ തുടങ്ങയ പത്തിനം പച്ചക്കറികളാണ് വിദ്യാര്‍ത്ഥികള്‍ കൃഷി ചെയ്തത്.
നിലമൊരുക്കല്‍, നനയ്ക്കല്‍, വളമിടല്‍ തുടങ്ങിയ എല്ലാ ജോലികളും വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ചെയ്തത്. പരീക്ഷക്കാലത്ത് വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും പൂര്‍ണ്ണ പിന്തുണയുമായെത്തി. ഇവര്‍ക്കൊപ്പം നാട്ടുകാരും അണിചേര്‍ന്നതോടെ വിദ്യാര്‍ത്ഥികളുടെ കൃഷി ജനകീയോത്സവമായി. ഹരിതം പദ്ധതി 2023 ന്റെ സംസ്ഥാന തല ഉദ്ഘാടനം കായണ്ണ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു.
പ്രകൃതിയെ അറിഞ്ഞുകൊണ്ട് പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതിന്റെ ആവശ്യകതയും വളണ്ടിയര്‍മാര്‍ക്ക് ഹരിതം പദ്ധതിയിലൂടെ ലഭിക്കും. ഖരമാലിന്യ സംസ്‌കരണം, ഹരിത പാലന ചട്ടം, ഭക്ഷ്യ സ്വയംപര്യാപ്തത, കൃഷി തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി സംസ്ഥാനത്തിലെ മുഴുവന്‍ എന്‍.എസ്.എസ് യൂണിറ്റുകളും നടത്തിവരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് സ്‌കൂളിലും പദ്ധതി നടപ്പാക്കിയത്.
കൃഷിവകുപ്പിന്റെ സഹായത്തോടെയാണ് അര ഏക്കര്‍ വയലില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. ജനുവരി ആദ്യവാരം തുടങ്ങിയ പച്ചക്കറി കൃഷി ഏപ്രില്‍ അവസാനത്തോടുകൂടെ പൂര്‍ണമായും വിളവെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ ഇ.കെ. ഷാമിനി പറഞ്ഞു. ഒന്നാംഘട്ടത്തില്‍ ഏകദേശം അഞ്ച് ടണ്‍ പച്ചക്കറി വിളവെടുക്കാന്‍ സാധിച്ചെന്നും അവര്‍ പറഞ്ഞു.
ജൈവ പച്ചക്കറി കൃഷിയോടൊപ്പം ഹരിത വിപണി, ശാസ്ത്രീയ കൃഷി പരിശീലനം, കാര്‍ഷിക സെമിനാര്‍, കര്‍ഷകസംഗമം തുടങ്ങിയവയും ഹരിതം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ തരം പച്ചക്കറികള്‍ നട്ടുവളര്‍ത്തിയും ഉല്പന്നങ്ങള്‍ വില്‍പ്പന നടത്തിയും കുട്ടികളിലും വലിയ ആവേശം വളര്‍ത്തിയെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. എം.എം. സുബീഷ് പറഞ്ഞു.
കായണ്ണ ഇ.എം.സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ.എം സച്ചിന്‍ദേവ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കായണ്ണ ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ഇ.കെ ഷാമിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ് ജില്ലാ കോര്‍ഡിനേറ്റര്‍ എസ്.ശ്രീജിത്ത് ഹരിത സന്ദേശം നല്‍കി. പി.ടി.എ പ്രസിഡന്റ് ടി സത്യന്‍ ഹരിതം കിറ്റ് കൈമാറി.
കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി, വൈസ് പ്രസിഡന്റ് ടി.വി ഷീബ, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.സി ശരണ്‍, കെ.വി ബിന്‍ഷ, പഞ്ചായത്തംഗം പി.കെ ഷിജു, കൃഷി ഓഫീസര്‍ പിസി അബ്ദുല്‍ മജീദ്, എന്‍.എസ്.എസ് ജില്ലാ കോര്‍ഡിനേറ്റര്‍ എം.കെ ഫൈസല്‍, എന്‍.എസ്.എസ് പി.എ.സി അംഗം സി.കെ ജയരാജന്‍, സീനിയര്‍ അസിസ്റ്റന്റ് റഷീദ് പുത്തന്‍പുര, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ.എം.എം സുബീഷ്, മദര്‍ പി.ടി.എ ചെയര്‍പേഴ്‌സണ്‍ ഷീന സജീവന്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.