ശുദ്ധവും സമൃദ്ധവുമായ ജലലബ്ധിക്കായ്; കായലാട് നടേരി തോട് നവീകരണ പ്രവൃത്തിയുമായ് തൊഴിലുറപ്പ് തൊഴിലാളികള്‍


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍പ്പെട്ട കായലാട് നടേരിത്തോട് നവീകരണ പ്രവൃത്തികള്‍ക്ക് തുടക്കമായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീകരണം നടക്കുന്നത്.

സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയോടനുബന്ധിച്ച് എല്ലാ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെയും ജി.ഐ.എസ് അധിഷ്ഠിതമായി തയ്യാറാക്കിയ സമഗ്ര നീര്‍ത്തട പദ്ധതി – ‘നീരുറവ്’ല്‍ ഉള്‍പ്പെട്ട തോടാണിത്.

നവീകരണം പ്രവൃത്തിയുടെ ഉദ്ഘാടനം ബുധനാഴ്ച്ച രാവിലെ 9 മണിക്ക് മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ പ്രശാന്ത് പി അധ്യക്ഷനായിരുന്നു.

പ്രസ്തുത പരിപാടിയില്‍ ബ്ലോക്ക് മെമ്പര്‍ രമ്യ, തൊഴിലുറപ്പ് മേറ്റുമാര്‍, തൊഴിലാളികള്‍, മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങള്‍, പ്രദേശവാസികള്‍, എന്‍ആര്‍ഇജിഎസ് സ്റ്റാഫുകള്‍ എന്നിവര്‍ പങ്കെടുത്തു.