കയാക്കിങ് കാണാന്‍ ഇനിയും വൈകേണ്ട, നാളത്തെ പോരാട്ടങ്ങള്‍ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും, ജലമാമാങ്കം ഞായറാഴ്ച അവസാനിക്കും
പേരാമ്പ്ര: എട്ടാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് ആഗസ്റ്റ് പതിനാലിന് തിരശീല വീഴും. വൈകീട്ട് തിരുവമ്പാടി ഇലന്തുകടവില്‍ നടക്കുന്ന സമാപന ചടങ്ങ് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
ഇന്ന് എക്‌സ്ട്രിം സ്ലാലോം പ്രൊഫഷണല്‍ പുരുഷ-വനിതാ വിഭാഗം, സ്ലാലോം ഇന്റര്‍മീഡിയേറ്റ് മത്സരങ്ങള്‍ നടന്നു.
എക്‌സ്ട്രിം സ്ലാലോം പ്രൊഫഷണല്‍ പുരുഷ വിഭാഗത്തില്‍ ശുഭം കേവാതിനാണ്(19) ഒന്നാം സ്ഥാനം. കുല്‍ദീപ് സിംഗ് (25) രണ്ടാം സ്ഥാനവും അമിത് താപ്പ (22) മൂന്നാം സ്ഥാനവും നേടി.
എക്‌സ്ട്രിം സ്ലാലോം പ്രൊഫഷണല്‍ വനിതാ വിഭാഗത്തില്‍ ശിഖ ചൗഹാന്‍ (19) ഒന്നാം സ്ഥാനവും പ്രിയങ്ക റാണ (20) രണ്ടും ജാന്‍വി ശ്രീവാസ്തവ (17) മൂന്നും സ്ഥാനം നേടി.
സ്ലാലോം ഇന്റര്‍മീഡിയേറ്റ് പുരുഷ വിഭാഗത്തില്‍ യതാര്‍ത് ഗൈറോള (23) ഒന്നും, അനക് ചൗഹാന്‍ (14) രണ്ടും നവല്‍ സെയ്‌നി (40) മൂന്നും സ്ഥാനങ്ങള്‍ നേടി. സ്ലാലോം ഇന്റര്‍മീഡിയേറ്റ് വനിത വിഭാഗത്തില്‍ സാനിയ ബത്താം (16) ഒന്നാമതെത്തി. അന്‍ മാത്യാസ് (42), മന്‍സി ബത്താം (14) രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡോ.എ ശ്രീനിവാസ് ഫെസ്റ്റിവല്‍ സ്ഥലം സന്ദര്‍ശിച്ചു. ഞായറാഴ്ച രാവിലെ ഒന്‍പതിന് ചാലിപ്പുഴയില്‍ ഇന്റര്‍മീഡിയേറ്റ് ബോട്ടര്‍ ക്രോസ്സ് വിഭാഗം മത്സരവും 11 മണിക്ക് ഇരുവഴിഞ്ഞി പുഴയില്‍ ഡൗണ്‍ റിവര്‍ മത്സരവും നടക്കും.