ഓണത്തിന് പൂക്കളമിടാനുള്ള ചെണ്ടുമല്ലികൾ വടകരയിൽ വിരിയും; ചെണ്ടുമല്ലി കൃഷിയുമായി നഗരസഭ


വടകര: ഓണക്കാലത്ത് പൂക്കളമിടാൻ ചെണ്ടുമല്ലിക്കായി ഏറെ അലയേണ്ടിവരില്ല, വടകരയിൽ പൂക്കും. കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിലാണ് നഗരസഭയുടെ വിവിധ വാർഡുകളിലായി ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. ഉദ്ഘാടനം പുതിയാപ്പിൽ നഗരസഭാ ചെയർപേഴ്‌സൺ കെ പി ബിന്ദു നിർവ്വഹിച്ചു.

നെറ്റ് സീറോ കാർബൺ കേരളം ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഏറ്റെടുത്ത നഗരസഭയിൽ പദ്ധതിയുടെ ഭാഗമായി ഈ വർഷം ആരംഭിക്കുന്ന കാർഷിക മേഖലയിലെ ക്യാമ്പയിനുകളുടെ തുടക്കമാണ് ചെണ്ടുമല്ലി കൃഷി വ്യാപനത്തിലൂടെ ഉദ്ദേശിക്കുന്നത്. കൃഷിഭവനാണ് ഇതിനുവേണ്ട പിന്തുണ സഹായം നൽകുന്നത്. പുതിയാപ്പിലെ 80 സെന്റോളം ഭൂമിയിലാണ് കൃഷി ആരംഭിക്കുന്നത്. നഗരസഭയിലെ മുഴുവൻ വാർഡുകളിലെയും സാധ്യമായ സ്ഥലങ്ങളിൽ ചെണ്ടുമല്ലി കൃഷി വ്യാപകമാക്കാൻ ആണ് ഉദ്ദേശിക്കുന്നതെന്ന് നഗരസഭാ ചെയർപേഴ്സൺ പറഞ്ഞു. തരിശായി കിടക്കുന്ന എല്ലാ ഭൂമിയിലും കാർഷിക പ്രവർത്തനം നടത്തിക്കൊണ്ട് പ്രാദേശിക കാർഷിക മേഖലയെ ശക്തിപ്പെടുത്തുക, കാർഷിക രംഗത്തെ സ്വയം പര്യാപ്തത നിലനിർത്തുക,തരിശുഭൂമിയിലെ കാർബൺ ഉദയം ഉദ്വമനം കുറയ്ക്കുക ഇത്തരം പദ്ധതികൾ കൊണ്ട് ലക്ഷ്യമിടുന്നത്.

വൈസ് ചെയർമാൻ പി കെ സതീശൻ അധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ പി.സജീവ് കുമാർ, എ.പി.പ്രജിത, സിന്ധു പ്രേമൻ എഫ്.ഒ.അബ്ദുദുറഹ്മാൻ എന്നിവർ സംസാരിച്ചു. കൃഷി അസി:ഡയരക്‌ടർ സജീഷ് കുമാർ പദ്ധതി വിശദീകരിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ രാജിത പതേരി സ്വാഗതവും കാർഷിക കർമ്മ സേന സെക്രട്ടറി ബാലകൃഷ്ണൻ പി.പി നന്ദിയും പറഞ്ഞു. കൗൺസിലർമാർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, പ്രദേശവാസികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.