ആല്‍മരത്തെ ആദരിച്ച് സദസ്സ്; പരിസ്ഥിതി സംരക്ഷണം എന്ന ആശയം ഉയര്‍ത്തി കാരയാട് എഫ്.എച്ച്.സിയുടെ സര്‍വ്വംസഹ
മേപ്പയ്യൂര്‍: ജില്ലാ മെഡിക്കല്‍ ഓഫീസ് എന്‍.സി.ഡി വിഭാഗം എന്‍.പി.സി.സി.എച്ച്.എച്ച് പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടി ‘ സര്‍വ്വം സഹ ‘ സംഘടിപ്പിച്ചു. കാരയാട് എഫ്.എച്ച്.സി അരിക്കുളത്ത് സംഘടിപ്പിച്ച പരിപാടി കവി പി.കെ.ഗോപി ക്ഷേത്രക്കുളത്തിനു ചുറ്റും മണ്‍ചിരാത് തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.ഇ.എം.ഒ ഷാലിമ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. പരിസ്ഥിതി സംരക്ഷണം എന്ന ആശയം ഉയര്‍ത്തി പിടിച്ച പരിപാടിയില്‍ സദസ്യര്‍ ആല്‍മരത്തെ ആദരിച്ചു. ബോധവത്കരണ സദസ്സിന്റെ ഭാഗമായി പേരാമ്പ്രയില്‍ നിന്നുള്ള കലാകാരന്‍മാര്‍ പി.കെ ഗോപിയുടെ ‘പുതിയ കാട്ടാളന്‍’ എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.രജനി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.വി.നജീഷ് കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.