കുറ്റ്യാടിയിലെ പെൺകുട്ടികൾ ഇനി കരുത്തരാകും, സ്വയം പ്രതിരോധിക്കും; പഞ്ചായത്തിൽ പതിനെട്ട് വയസുവരെയുള്ള പെൺകുട്ടികൾക്കായി കരാട്ടെ പരിശീലനം
കുറ്റ്യാടി: ശാരീരികക്ഷമത വർദ്ധിപ്പിക്കാനും സ്വയം പ്രതിരോധത്തിനുമായി കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പെൺകുട്ടികൾക്കായി കരാട്ടെ പരിശീലനം ആരംഭിച്ചു. 10 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം. രണ്ട് ബാച്ചുകളിലായാണ് പരിശീലന ക്ലാസ്സ്.
ചൊവ്വ, ശനി ദിവസങ്ങളിൽ വൈകീട്ട് 5 മുതൽ രാത്രി 7 വരെ പഞ്ചായത്ത് ഹാൾ, നടുപ്പൊയിൽ സാംസ്കാരിക നിലയം എന്നിവിടങ്ങളിലാണ് ക്ലാസ്സ് സംഘടിപ്പിക്കുന്നത്. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പഞ്ചായത്ത് ഹാളിൽ നടന്നു. കുറ്റ്യാടി പോലീസ് ഇൻസ്പക്ടർ ഷിജു ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ അധ്യക്ഷത വഹിച്ചു. കരാട്ടെ ഇൻസ്ട്രക്ടർ സ്മേര സുമിത്രൻ ക്ലാസ് കൈകാര്യം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ്, പഞ്ചായത്ത് അംഗങ്ങളായ സബിന മോഹൻ, ടി.കെ.കുട്ട്യാലി, കരീം എം.പി, സുമിത്ര സി.കെ, ബാബു ഒ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.