കാപ്പ കേസ് പ്രതി ആയുധങ്ങളുമായി പിടിയിൽ; കോഴിക്കോട് നിന്ന് പിടിയിലായത് പയ്യോളി, എടച്ചേരി ഉൾപ്പടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ മോഷണക്കേസ് പ്രതി


കോഴിക്കോട്: നിരവധി മോഷണ കേസുകളിലും കവർച്ചാ കേസിലും പ്രതിയായ യുവാവ് പിടിയിൽ. കുന്ദമംഗലം സ്വദേശി അറപ്പൊയിൽ വീട്ടിൽ മുജീബാണ് പിടിയിലായത്. കൊയിലാണ്ടിയിൽ നിന്നും മോഷ്ടിച്ച മോട്ടോർ സൈക്കിളുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് സിറ്റി ക്രൈം സ്ക്വാഡ് പ്രതിയെ പിടികൂടിയത്. വണ്ടിയിൽ നിന്ന് കളവ് നടത്താൻ ഉപയോ​ഗിക്കുന്ന കമ്പിപ്പാരയും മറ്റ് ആയുധങ്ങളും പോലിസ് കണ്ടെടുത്തു.

കുന്ദമംഗലം ഇൻസ്പെക്ടർ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്ന് കോഴിക്കോട് ജില്ലാ കലക്ടർ മുജീബിനെതിരെ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ മാസം പന്ത്രണ്ടാം തിയ്യതി തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാൾ ഇന്ന് പിടിയിലായത്. വൈദ്യ പരിശോധനക്ക് ശേഷം പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകും.

2021ൽ പയ്യോളി പ്രശാന്തി ജ്വല്ലറിയിൽ നിന്നും സ്വർണ്ണം കവർച്ച നടത്തിയതടക്കമുള്ള പ്രധാനപ്പെട്ട കവർച്ചാ കേസിലെ പ്രതിയാണ് മുജീബ്. പയ്യോളി, എടച്ചേരി, പന്തീരങ്കാവ്, കുന്ദമംഗലം, മലപ്പുറം ജില്ലയിലെ കരിപ്പൂർ, തേഞ്ഞിപ്പാലം, അരിക്കോട്, കൊണ്ടോട്ടി കൂടാതെ മാഹി എന്നീ പോലീസ് സ്റ്റേഷനുകളിൽ വാഹന മോഷണവും, പണവും വിലപിടിപ്പുള്ള വസ്തുക്കളും പിടിച്ചുപറിയും കവർച്ചയും നടത്തിയത് ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.

മോഷ്ടിക്കുന്ന വാഹനം ഉപയോഗിച്ച് പല സ്ഥലങ്ങളിൽ സഞ്ചരിച്ച് പിടിച്ചു പറിയും കവർച്ചയും നടത്തുകയാണ് പതിവ്. കോഴിക്കോട് കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുറ്റവാളികൾക്കെതിരെയുള്ള ശക്തമായ നടപടികളുടെ ഭാഗമായാണ് പ്രതിക്കെതിരെ കാപ്പ ചുമത്തിയത്.

Description: Kappa case accused arrested with weapons