വീണ്ടും ചുവപ്പണിഞ്ഞ്‌ കണ്ണൂർ സർവ്വകലാശാല; യൂണിയൻ തെരഞ്ഞെടുപ്പില്‍ മുഴുവൻ സീറ്റുകളും നേടി എസ്.എഫ്.ഐ


കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് മികച്ച വിജയം. മുഴുവന്‍ സീറ്റുകളിലും എസ്.എഫ്.ഐ സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. തുടര്‍ച്ചയായ 25-ാം തവണയാണ് എസ്എഫ്ഐ യൂണിയന്‍ നേടുന്നത്.

കണ്ണൂര്‍ താവക്കരയിലെ സര്‍വകലാശാല ആസ്ഥാനത്തെ തെരഞ്ഞെടുപ്പിലാണ് എസ്.എഫ്.ഐ ഉജ്ജ്വല വിജയം നേടിയത്. രാവിലെ പത്ത് മണിയോടെ ആരംഭിച്ച വോട്ടെടുപ്പില്‍ കള്ളവോട്ടിനെ ചൊല്ലി ചെറിയ രീതിയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.

കാസര്‍കോട്ടുനിന്നുള്ള വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് എഫ്.എഫ്.ഐ പ്രവര്‍ത്തകര്‍ തട്ടിപ്പറിച്ച് ഓടിയെന്ന് കെ.എസ്.യു – എം.എസ്.എഫ് സംഖ്യം ആരോപിച്ചിരുന്നു. എന്നാല്‍ കള്ളവോട്ടിനുള്ള ശ്രമം പ്രതിരോധിക്കുകയായിരുന്നുവെന്നാണ് സംഭവത്തില്‍ എസ്.എഫ്.ഐ മറുപടി നല്‍കിയത്. പിന്നാലെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും സ്ഥലത്ത് പോലീസ് ലാത്തി വീശുകയും ചെയ്തു. തുടര്‍ന്ന് കനത്ത പോലീസ് സുരക്ഷയിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.