ട്രെയിൻ യാത്രാക്കാർക്ക് ആശ്വസിക്കാം; കണ്ണൂർ – ഷൊർണുർ – കണ്ണൂർ എക്സ്പ്രസിന്റെ സർവീസ് നീട്ടി, ഇനി ഏഴ് ദിവസവും ഓടും


കണ്ണൂർ: മലബാർ മേഖലയിലെ ട്രെയിൻ യാത്രാക്കാർക്ക് ആശ്വസിക്കാം. കണ്ണൂർ – ഷൊർണുർ – കണ്ണൂർ എക്സ്പ്രസിന്റെ സർവീസ് നീട്ടി. ഡിസംബർ 31 വരെയാണ് സർവ്വീസ് നീട്ടിയത്. ഇത് കൂടാതെ ആഴ്ചയിൽ നാല് ദിവസം മാത്രമുണ്ടായിരുന്ന സർവീസ് ഏഴ് ദിവസമാക്കി. നവംബർ ഒന്ന് മുതൽ ട്രെയിൻ എല്ലാ ദിവസവും ഓടിത്തുടങ്ങും. നിലവിൽ ആഴ്ചയിൽ നാല് ദിവസം മാത്രമാണ് ട്രെയിൻ സർവീസ് ഉള്ളത്.

ജൂലൈയിൽ സർവീസ് അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ട്രെയിനാണ് ഘട്ടം ഘട്ടമായി സർവീസ് നീട്ടിയത്. യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ് പ്രാവർത്തികമാകുന്നത്. ഷൊർണൂർ – കണ്ണൂർ സ്‌പെഷൽ എക്‌സ്പ്രസ് (നമ്പർ 06031) ഷൊർണ്ണുരിൽ നിന്ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് യാത്ര തുടങ്ങും. രാത്രി 7.25 ന് കണ്ണൂരിൽ എത്തും. കണ്ണൂർ- ഷൊർണൂർ സ്‌പെഷ്യൽ എക്‌സ്പ്രസ് (നമ്പർ 06032) രാവിലെ 8.10 കണ്ണൂരിൽ നിന്ന് യാത്ര തുടങ്ങും. 11.45 ന് ഷൊർണ്ണൂരിൽ എത്തും.

കോഴിക്കോട് നിന്ന് അഞ്ച് മണിക്കുള്ള പരശുറാമിൽ കാലുകുത്താൻ സ്ഥലമില്ലാത്ത അവസ്ഥയായിരുന്നു. പിന്നാലെയെത്തുന്ന നേത്രാവതിയിൽ ഉള്ളത് രണ്ട് ജനറൽ കോച്ച് മാത്രം. ഇതിലും ശ്വാസമുട്ടിയാണ് യാത്ര. സ്പെഷ്യൽ ട്രെയിൻ ഓടിത്തുടങ്ങിയപ്പോൾ ഈ ബുദ്ധിമുട്ടുകളെല്ലാം ഒരു പരിധി വരെ മാറും.