12000 ചതുരശ്ര അടിയില്‍ വര്‍ണോദ്യാനം, ഒപ്പം കുട്ടികള്‍ക്കായി അമ്യൂസ്‌മെന്റ് പാര്‍ക്കും; കണ്ണൂര്‍ പുഷ്‌പോത്സവം 16 മുതല്‍


കണ്ണൂര്‍: ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂര്‍ പുഷ്‌പോത്സവം-25 ജനുവരി 16ന് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ ആരംഭിക്കുമെന്ന് സൊസൈറ്റി സെക്രട്ടറി പി.വി രത്‌നാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 16 ന് വൈകുന്നേരം ആറിന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷനാവും.

മേയര്‍ മുസ്ലിഹ് മഠത്തില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി എന്നിവര്‍ മുഖ്യാതിഥികളാവും. ഈ വര്‍ഷത്തെ സംസ്ഥാന കൃഷി അവാര്‍ഡ് ജേതാവായ കെ ബിന്ദു, അഗസ്റ്റിന്‍ തോമസ് എന്നിവരെ പരിപാടിയില്‍ അനുമോദിക്കും. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം.എന്‍ പ്രദീപന്‍ സംസാരിക്കും. 12000 ചതുരശ്ര അടിയില്‍ ഒരുക്കുന്ന വര്‍ണോദ്യാനമാണ് ഇക്കൊല്ലത്തെ മുഖ്യാകര്‍ഷണം. സംസ്ഥാനത്തിനകത്തും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നഴ്സറി സ്റ്റാളുകളില്‍ വൈവിധ്യമാര്‍ന്ന ചെടികളും മറ്റു നടീല്‍ വസ്തുക്കളും ഔഷധസസ്യങ്ങളും ഉണ്ടാകും.

ജൈവ വളം, ജൈവ കീടനാശിനികള്‍, മണ്‍പാത്രങ്ങള്‍ തുടങ്ങിയവയുടെ സ്റ്റാളുകളും കണ്ണാടിക്കൂട്ടിലുള്ള ജലത്തില്‍ കൃത്രിമമായി നിര്‍മിക്കുന്ന അക്വാസ്‌കേപ്പിങും പുഷ്‌പോത്സവത്തിന്റെ ഭാഗമായി ഒരുക്കും. ആറളം ഫാം, കരിമ്പം ഫാം, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍, അനര്‍ട്ട്, ഫിഷറീസ്, വനം വകുപ്പ് എന്നിവയുടെ പവലിയനുകളും പുഷ്‌പോത്സവനഗരിയില്‍ ഒരുക്കിയിട്ടുണ്ട്. ഫുഡ് കോര്‍ട്ടും, കുട്ടികള്‍ക്കുള്ള അമ്യൂസ്‌മെന്റ് പാര്‍ക്കും സജ്ജമാക്കിയിട്ടുണ്ട്.

പുഷ്പാലങ്കാര ക്ലാസുകള്‍, വെജിറ്റബിള്‍ കാര്‍വിങ് ക്ലാസുകള്‍, പാചകം, സലാഡ് അറേഞ്ച്‌മെന്റ്, മൈലാഞ്ചിയിടല്‍, കൊട്ട മടയില്‍, പുഷ്പറാണി-പുഷ്പരാജ മത്സരങ്ങള്‍, പുഞ്ചിരി മത്സരം, കാര്‍ഷിക ഫോട്ടോഗ്രാഫി, മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരങ്ങള്‍, ഫാബ്രിക് പെയിന്റിംഗ് തുടങ്ങിയവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും, മികച്ച നഴ്സറി ഡിസ്‌പ്ലേ തയ്യാറാക്കുന്ന സ്റ്റാള്‍ ഉടമകള്‍ക്ക് പ്രത്യേക സമ്മാനം നല്‍കും.

12 ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിക്കല്‍, വനിതാകര്‍ഷക കൂട്ടായ്മ, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരുടെ സ്‌നേഹസംഗമം, ബഡ്സ് സ്‌കൂള്‍ കലോത്സവം, കുട്ടി കര്‍ഷക സംഗമം എന്നിവയും സംഘടിപ്പിക്കും. 60 രൂപയാണ് പ്രവേശന ഫീസ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കും 80 വയസ് കഴിഞ്ഞവര്‍ക്കും പ്രവേശനം സൗജന്യമായിരിക്കും.

27ന് നടക്കുന്ന സമാപന സമ്മേളനം രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷതവഹിക്കും. സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജ് വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിക്കും. ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി സെക്രട്ടറി പി.വി രത്‌നാകരന്‍, രക്ഷാധികാരി യു.കെ.ബി നമ്പ്യാര്‍, വൈസ് പ്രസിഡന്റ് ഡോ. കെ.സി വല്‍സല, ജോയിന്റ് സെക്രട്ടറി എം. കെ മൃദുല്‍, മീഡിയ കമ്മിറ്റി കണ്‍വീനര്‍ ടി.പി വിജയന്‍ എന്നിവര്‍ പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Description: Kannur Pushpotsavam from 16th January