ജോലി വാഗ്ധാനം ചെയ്ത് യുവാക്കൾക്ക് ഗൾഫിലേക്ക് വിസയും ടിക്കറ്റും നൽകും, രഹസ്യമായി ലഹരി കടത്തും; ഗൾഫിലേക്ക് ലഹരി കടത്തുന്ന സംഘത്തലവൻ കണ്ണൂർ സ്വദേശി പിടിയിൽ


കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലേക്ക് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കടത്തുന്ന സംഘത്തിലെ പ്രധാനിയായ കണ്ണൂർ സ്വദേശി അറസ്റ്റിൽ. കണ്ണൂർ മാട്ടൂല്‍ സ്വദേശി കെ.പി.റഷീദിനെയാണ് (30) അറസ്റ്റ് ചെയ്തത്. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ക്രൈംബ്രാഞ്ച് സി.ഐ ഇ.എസ്. സാംസണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് യുവാക്കളെ സംഘം ഉപയോഗിച്ചിരുന്നത്. ഗള്‍ഫിലേക്കുള്ള വിസയും വിമാന ടിക്കറ്റും നല്‍കിയശേഷം കൂട്ടുകാർക്കുള്ള വസ്ത്രങ്ങളും പലഹാരങ്ങളുമാണെന്ന് പറഞ്ഞ് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും നല്‍കുകയാണ് പതിവ്. വിമാന ത്താവളത്തില്‍ വെച്ചായിരുന്നു ഇവയുടെ കൈമാറ്റം. സംഘത്തിലെ ഒരാളും യുവാക്കള്‍ക്കൊപ്പം ഗള്‍ഫ് രാജ്യങ്ങളിലേക്ക് സഞ്ചരിക്കും. പിടിക്കപ്പെട്ടാല്‍ എസ്കോർട്ട് പോയ ആള്‍ മാറിക്കളയുകയാണ് പതിവ്.

2018ല്‍ ഇടുക്കി രാജാക്കാട് സ്വദേശി അഖില്‍ എന്ന യുവാവ് ഈ സംഘത്തിന്‍റെ ചതിക്കിരയായി ദുബൈയില്‍ ജയിലിലായിരുന്നു. ദുബൈയില്‍ ജോലി വാഗ്ദാനം ചെയ്ത് എറണാകുളത്തും കരിപ്പൂർ വിമാനത്താവളത്തിലും എത്തിച്ച ശേഷം സുഹൃത്തിനുള്ള പലഹാരം എന്ന വ്യാജേന അഞ്ചുകിലോ കഞ്ചാവ് കൈമാറുകയായിരുന്നു. ദുബൈ പൊലീസ് അറസ്റ്റ് ചെയ്ത അഖിലിന് 10 വർഷം ശിക്ഷ വിധിക്കുകയും ചെയ്തു. സംഭവത്തില്‍ ഇടുക്കി രാജാക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.

2021ല്‍ ഹൈകോടതി വിധിയെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. തുടർന്ന് ഒന്നാംപ്രതി എറണാകുളം സ്വദേശി അൻസാഫ്, രണ്ടാം പ്രതി കണ്ണൂർ മാട്ടൂല്‍ സ്വദേശി റഹീസ്, നാലാം പ്രതി കാസർകോട് കാഞ്ഞങ്ങാട് സ്വദേശി റിയാസ് എന്നിവരെ അറസ്റ്റ് ചെയ്തു. മുഖ്യസൂത്രധാരനായ റഷീദ് ഗള്‍ഫിലും മറ്റുമായി ഒളിവില്‍ കഴിയുകയായിരുന്നു.

അഖിലിനെപ്പോലെ നിരവധിപേർ ഇവരുടെ കെണിയില്‍ വീണ് ഗള്‍ഫില്‍ പിടിക്കപ്പെടുകയും ജയിലിലാകുകയും ചെയ്തിട്ടുണ്ട്. കോട്ടയം, മലപ്പുറം, ഇടുക്കി ക്രൈംബ്രാഞ്ചുകളാണ് കേസ് അന്വേഷിക്കുന്നത്. എസ്.ഐമാരായ മനോജ് കുമാർ, ഷിബു ജോസ്, ഷിജു കെ.ജി, എ.എസ്.ഐ മുഹമ്മദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. റഷീദിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി വിദേശത്തേക്ക് കഞ്ചാവ് കടത്തുന്ന ശൃംഖലകളെക്കുറിച്ച്‌ വിശദ അന്വേഷണം നടത്തിവരുകയാണ്.

Summary: Youths are offered visas and tickets to the Gulf with the promise of jobs and smuggled drugs; Kannur native of gang leader who smuggles drugs to Gulf arrested