വിമാനം പറന്നുയരുന്നതും ഇറങ്ങുന്നതും അടുത്ത് കാണാൻ ആഗ്രഹമുണ്ടോ, വിദ്യാർത്ഥികൾക്ക് അവസരമൊരുക്കി കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ട്; വിശദവിവരങ്ങളറിയാം


കോഴിക്കോട്: ആകാശത്തുകൂടെ വിമാനം ഒരു പൊട്ടു പോലെ കടന്ന് പോകുമ്പോൾ വീടിനു മുറ്റത്തു നിന്നു മുകളിലേക്ക് നോക്കി നിൽക്കാറില്ലേ, ഒന്ന് കാണാനായി. അങ്ങ് ദൂരെ കാണുന്ന വിമാനത്തെ ഇങ്ങടുത്ത് കാണാനായി ആഗ്രഹമുണ്ടോ. ഇതാ നിങ്ങൾക്കായി അവസരമൊരുക്കി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം.

സന്ദർശക ഗ്യാലറിയിൽ നിന്ന് വിമാനം ഇറങ്ങുന്നതും പറന്നുയരുന്നതും കാണാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നു. എയർപോർട്ടിന്റെ 4-ാം വാർഷിക ത്തോടനുബന്ധിച്ച് ആണ് ഈ സുവർണ്ണാവസരമൊരുക്കിയിരിക്കുന്നത്. നവംബർ 15 മുതൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 4-ാം വാർഷിക ദിനമായ ഡിസംബർ 9 വരെ വിദ്യാർത്ഥികൾക്ക് കുറഞ്ഞ നിരക്കിൽ സന്ദർശക ഗ്യാലറിയിൽ പ്രവേശനം അനുവദിക്കുമെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അറിയിച്ചു.

വിവിധ ജില്ലകളിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ഈ അവസരം ഉപയോഗിക്കാം. ഗവൺമെന്റ്, മാനേജ്മെന്റ്, അൺ എയ്ഡഡ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് 25 രൂപയും അവരെ അനുഗമിക്കുന്ന ജീവനക്കാർക്ക് 50 രൂപയും ആണ് പ്രവേശന നിരക്ക്.

എയർപോർട്ട് സന്ദർശനത്തിന് എത്തുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പേര് രേഖപ്പെടുത്തിയ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ സാക്ഷ്യ പ്പെടുത്തിയ കത്തോടുകൂടിയാണ് വരേണ്ടത്. സന്ദർശന സമയം രാവിലെ 9 മണിമുതൽ വൈകിട്ട് 6 മണി വരെ. വിവരങ്ങൾക്ക് :0490 2481000