കണ്ണൂർ അ‍‍ഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റ് നവീൻ ബാബു വീട്ടിൽ മരിച്ചനിലയിൽ


കണ്ണൂർ: കണ്ണൂർ അ‍‍ഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽനിന്നു സ്ഥലം മാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയിൽ അടുത്ത ദിവസം ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. എന്നാൽ ഇന്ന് രാവിലത്തെ ട്രെയിനിൽ നവീൻ ബാബു കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് കണ്ണൂർ കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ എഡിഎമ്മിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ക്ഷണിക്കാതെ യോഗത്തിനെത്തിയ ദിവ്യ ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നത് മാസങ്ങളോളം വൈകിപ്പിച്ച എഡിഎമ്മിൻ്റെ നടപടിയിലാണ് വിമർശനം ഉന്നയിച്ചത്.

സ്ഥലം മാറ്റം വന്നതിന് ശേഷം രണ്ട് ദിവസം മുൻപ് അനുമതി നൽകിയെന്നും അത് എങ്ങനെയെന്ന് തനിക്കറിയാമെന്നും, രണ്ട് ദിവസത്തിനുള്ളിൽ വിവരങ്ങൾ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു. കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം. പ്രസംഗം അവസാനിപ്പിച്ച ദിവ്യ, ഉപഹാരം നൽകുമ്പോൾ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദി വിടുകയും ചെയ്യുകയായിരുന്നു.

Description: Kannur Additional District Magistrate Naveen Babu found dead at home