സുരക്ഷാ ഭിത്തി ഇടിഞ്ഞുവീണിട്ടും എൻ എച്ച് എ ഐ അധികൃതരെത്തിയില്ല; കണ്ണൂക്കരയിൽ നാട്ടുകാർ ദേശീയ പാത ഉപരോധിച്ചു
കണ്ണൂക്കര: മേലെ കണ്ണൂക്കര ഹൈവേ നിർമാണത്തിനായി കെട്ടിയ സുരക്ഷാ ഭിത്തി ഇടിഞ്ഞ് വീണത് ശ്രദ്ദയിൽപ്പെടുത്തിയിട്ടും ദേശീയപാത അധികൃതരെത്താത്തതിനെ തുടർന്ന് ദേശീയപാത ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം. രാവിലെ 11 മണിയോട് കൂടിയായിരുന്നു നാട്ടുകാർ ദേശീയ പാത ഉപരോധിച്ചത്. ഇതേ തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
ദേശീയപാത ഉദ്യോഗസ്ഥരും നിർമാണ കമ്പനി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നാട്ടുകാരുമായി സംസാരിച്ചു. പ്രദേശത്തിന്റെ ഭൂപ്രകൃതിക്കനുസരിച്ച് നിർമാണത്തിൽ മാറ്റം വരുത്തുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. തുടർന്ന് നാട്ടുകാർ സമരം അവസാനിപ്പിക്കുകയായിരുന്നു.
അപകട ഭീഷണിയെ തുടർന്ന് ഇവിടെയുള്ള കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിരുന്നു. ഒരു കുടുംബത്തെ കൂടി മാറ്റി താമസിപ്പിക്കേണ്ടതുണ്ട്. ഇവരെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ ചെയ്യുന്നുണ്ടെന്ന് വാർഡ് മെമ്പർ വി പി ഗോപാലൻ വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു.