വടകര കണ്ണൂക്കരയിലെ മണ്ണിടിച്ചില്‍: പ്രദേശവാസികളുടെയും റോഡില്‍ യാത്ര ചെയ്യുന്നവരുടെയും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന്‌ എൽഡിഎഫ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി


മുക്കാളി: വടകര – തലശ്ശേരി ദേശീയപാത കണ്ണൂക്കര മീത്തലെ മുക്കാളിയില്‍ അശാസ്ത്രീയമായ നിർമ്മിച്ച സംരക്ഷണഭിത്തി തകർന്ന്‌ മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടായ വിഷയത്തിൽ എൽഡിഎഫ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പ്രദേശത്ത് താമസിക്കുന്നവരുടെയും റോഡില്‍ യാത്ര ചെയ്യുന്നവരുടെയും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

മീത്തലെ മുക്കാളി കൈതോക്കുന്ന് ഭാഗത്ത് സംരക്ഷണഭിത്തി കെട്ടുമ്പോൾ തന്നെ നാട്ടുകാരും പ്രദേശവാസികളും അതിനെ എതിർത്തതാണ്. ചെങ്കുത്തായ മൺഭിത്തി മേൽ സിമന്റ് സ്പ്രേ ചെയ്യുന്ന രീതി സുരക്ഷിതമല്ലെന്ന്‌ ദേശീയപാത അതോറിറ്റിയെയും അദാനിയുടെ സബ് കോൺട്രാക്ടർ ആയ വഗാഡിനെയും നാട്ടുകാരും പ്രദേശവാസികളും അന്നുതന്നെ അറിയിച്ചതാണ്. അതിന്റെ മുകളിൽ താമസിക്കുന്നവരുടെയും റോഡിൽ കൂടെ യാത്ര ചെയ്യുന്നവരുടെയും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

യോഗത്തിൽ എം.പി ബാബു, കെ.എ സുരേന്ദ്രൻ, കൈപ്പാട്ടിൽ ശ്രീധരൻ, പി.കെ പ്രമോദ്, മുബാസ് കല്ലേരി എന്നിവർ സംസാരിച്ചു.