കണ്ണൂക്കര – മാടാക്കര തോട് ഭിത്തി കെട്ടി സംരക്ഷണം, ഏറാമല പെരുമ്പുഴക്കര തോട് നവീകരണം; പദ്ധതികൾക്ക് ഭരണാനുമതിയായി
ഒഞ്ചിയം: ഒഞ്ചിയം പഞ്ചായത്തിലെ കണ്ണൂക്കര – മാടക്കര തോട് ഭിത്തി കെട്ടി സംരക്ഷണം, ഏറാമല പഞ്ചായത്തിലെ ഓലപ്പുഴ – പെരുമ്പുഴക്കര തോട് നവീകരണം എന്നീ പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി കെ.കെ.രമ എം.എൽ.എ അറിയിച്ചു. 2024 വർഷത്തെ ബജറ്റ് നിർദ്ദേശമായി സർക്കാരിൽ സമർപ്പിച്ച പദ്ധതികൾക്കാണ് ഇപ്പോൾ ഭരണാനുമതിയായിരിക്കുന്നത്. കണ്ണൂക്കര – മാടാക്കര തോട് ഭിത്തി കെട്ടി സംരക്ഷിക്കുന്നതിന് എഴുപത്തിയഞ്ച് ലക്ഷം രൂപയും ഓലപ്പുഴ – പെരുമ്പുഴക്കര തോട് നവീകരണത്തിന് അൻപത് ലക്ഷം രൂപയുമാണ് അനുവദിച്ചത്.
ജലക്ഷാമത്തിനുള്ള പരിഹാരത്തിനും ജല സ്രോതസുകളുടെ മലിനീകരണം ഇല്ലാതാക്കുമെന്നുമുള്ള പ്രകടനപത്രികയിലെ വാഗ്ദാനം പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ബജറ്റിലും ഈ ബജറ്റിലും നവീകരിക്കപ്പെടേണ്ട തോടുകളുടെയും കനാലുകളുടെയും വിശദവിവരങ്ങൾ നിർദേശമായി നൽകിയതെന്ന് എം എൽ എ പറഞ്ഞു. ഭരണാനുമതി ലഭിച്ചതോടെ തുടർ നടപടികൾ ത്വരിതപ്പെടുത്തുമെന്നും
നേരത്തെ നിർദ്ദേശിച്ചിരുന്ന ഒ.വി.സിതോട്, എൻ.സി കനാൽ, കല്ലറക്കൽ തോട്, കാപ്പുഴക്കൽ തോട് തുടങ്ങിയവയുടെ പ്രവൃത്തികൾ വിവിധ ഘട്ടങ്ങളിലാണെന്നും അവർ വ്യക്തമാക്കി.
![](http://perambranews.com/wp-content/uploads/2023/01/per.gif)