മാരക രോഗങ്ങളില്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി സ്വാതന്ത്ര്യദിനത്തില്‍ സാന്ത്വനം ഭാവനയിലൂടെ പദ്ധതിക്ക് തുടക്കമിട്ട് കല്ലോട് ഭാവന തിയേറ്റേഴ്‌സ്
പേരാമ്പ്ര: സ്വാതന്ത്ര്യ ദിനത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം അമൃത് മഹോത്സവമായി രാജ്യം ആഘോഷിക്കുന്നതിന്റെ ഭാഗമായി കല്ലോട് ഭാവന തിയേറ്റേഴ്സ് സ്‌നേഹാദര സായാഹ്നവും സൈബര്‍ പ്രഭാഷണവും സംഘടിപ്പിച്ചു. മാരക രോഗങ്ങളില്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി ഭാവന തിയേറ്റേഴ്‌സ് തുടക്കമിട്ട സാന്ത്വനം ഭാവനയിലൂടെ എന്ന പദ്ധതി ഇതേ വേദിയില്‍ റിട്ടേഡ് ആദ്യപകന്‍ പി.കെ.രാഘവന്‍ ഉദ്ഘാടനം ചെയ്തു.
2021-22 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി (ഫുള്‍ എ+), +2 (ഫുള്‍ എ+), എല്‍.എസ്.എസ്, എന്‍.എം.എം.എസ്, സംസ്‌കൃത സ്‌കോളര്‍ഷിപ്പ് എന്നിവ കരസ്ഥമാക്കിയ നാടിന്റെ പ്രതിഭകളെയും, പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്കായി ഭാവന തിയേറ്റേഴ്സ് സംഘടിപ്പിച്ച സൗജന്യ യോഗാ പരിശീലനത്തിന് നേതൃത്വം നല്‍കിയ തോട്ടത്തില്‍ മുത്തുകൃഷ്ണന്‍, സമീറ ബീഗം എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗം കെ.എന്‍.ശാരദ അധ്യക്ഷയായ ചടങ്ങ് പേരാമ്പ്ര ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് എം.സജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഭാവന തിയേറ്റേഴ്സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സെക്രട്ടറി ബേബി സുനില്‍ സ്വാഗതവും പി.കെ.ലിനീഷ് നന്ദിയും അര്‍പ്പിച്ചു. തുടര്‍ന്ന് കുഞ്ഞബ്ദുള്ള മുസ്ലിയാര്‍, റിട്ടേര്‍ഡ് അദ്ധ്യാപകന്‍ പി.കെ.രാഘവന്‍, റിട്ടേര്‍ഡ് എ.ഐ.ആര്‍ തോട്ടത്തില്‍ വേണുഗോപാല്‍, പ്രവാസിയും കലാകാരനുമായ രാജപാലന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും കേരള പോലീസിലെ പ്രശസ്ത സൈബര്‍ പ്രഭാഷകന്‍ രംഗീഷ് കടവത്ത് സൈബര്‍ ലോകത്തെ ചതികളെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ബോധവല്‍ക്കരണ പ്രഭാഷണവും നടത്തുകയും ചെയ്തു.