കല്ലാച്ചി ടൗൺ വികസനം: കാത്തിരിപ്പ് അവസാനിക്കുന്നു, ഡിസംബർ അഞ്ചിന് പ്രവൃത്തിയാരംഭിക്കും


നാദാപുരം: പൊതുമരാമത്ത് അനുവദിച്ച മൂന്ന് കോടി രൂപ ഉപയോഗിച്ചുള്ള കല്ലാച്ചി ടൗണ്‍ നവീകരണ പ്രവൃത്തി ഡിസംബര്‍ അഞ്ചിന് തുടങ്ങാന്‍ സര്‍വകക്ഷി വ്യാപാരി കെട്ടിട ഉടമ സംഘടനകളുടെ യോഗത്തില്‍ തീരുമാനം. പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ഇ.കെ വിജയന്‍ എം.എല്‍.എ പദ്ധതി വിശദീകരിച്ചു.

ഓരോ ഭാഗത്തും മൂന്ന് മീറ്റര്‍ വീതി കൂട്ടാനുള്ള പദ്ധതി വ്യാപാരികളുടെയും കെട്ടിട ഉടമകളുടെയും സംഘടനാ നേതാക്കളുടെയും സമ്മര്‍ദത്തെ തുടര്‍ന്ന് 1.65 മീറ്ററായി ചുരുക്കുകയായിരുന്നു. വീതികൂട്ടി പുതിയ ഡ്രൈനേജും ഫുട്പാത്തും നിർമിക്കും. ബൈക്ക് പാർക്കിങ്ങിനും ബസ്‌ബേക്കും പ്രത്യേകം സ്ഥലം മാർക്കുചെയ്ത് ഇൻറർലോക്ക് വിരിക്കും. കല്ലാച്ചി ഗാലക്സി ഹൈപ്പർമാർക്കറ്റ് മുതൽ 550 മീറ്റർ നീളത്തിലാണ് നവീകരണപ്രവൃത്തി നടത്തുന്നത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നിർമാണച്ചുമതല നൽകിയതായി ഇ.കെ. വിജയൻ എം.എൽ.എ. അറിയിച്ചു.

വീതികൂട്ടുന്ന ഭാഗത്തെ കെട്ടിടങ്ങള്‍ ബലപ്പെടുത്തുന്നതിന് പഞ്ചായത്ത് പ്രത്യേക അനുമതി നല്‍കും. ഇതുപ്രകാരം ബലപ്പെടുത്തല്‍ എത്രയും പെട്ടെന്ന് നടത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. നവീകരണ പദ്ധതിയോടൊപ്പം സംസ്ഥാന പാതയില്‍ ബിഎം ആന്‍ഡ് ബിസി ടാറിങ്ങും നടക്കും. ടൗറിങ് നടക്കുന്നതിന് മുമ്പായി റോഡില്‍ നടക്കേണ്ട പ്രവൃത്തി സംബന്ധിച്ച് സമയക്രമീകരണമുണ്ടാക്കാന്‍ 25ന് പകല്‍ 11ന് പൊതുമരാമത്ത് വാട്ടര്‍ അതോറിറ്റി കെഎസ്ഇബി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം എംഎല്‍എയുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു.

യോഗത്തിൽ ബ്ലോക്ക് സ്ഥിരംസമിതി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻമാരായ സി.കെ. നാസർ, ജനീദാ ഫിർദൗസ്, വാർഡ് മെമ്പർമാരായ പി.പി. ബാലകൃഷ്ണൻ, കണേക്കൽ അബ്ബാസ്, വി. അബ്ദുൽ ജലീൽ, ഹമീദ് വലിയാണ്ടി തുടങ്ങിയവർ സംബന്ധിച്ചു.

Description: Kallachi Town Development: Work will begin on December 5