പകല്‍വെട്ടത്തിലോ രാത്രിയോ ആകട്ടെ, ആക്രമിക്കാന്‍ എത്തുന്നവരെ ഈ പെണ്‍കുട്ടികള്‍ തൂക്കിയെറിയും; ധീര പദ്ധതിയിലൂടെ സ്വയംരക്ഷയിലേക്ക് ചുവടുവെച്ച് ചക്കിട്ടപ്പാറയിലെ കൗമാരക്കാരികളും


ചക്കിട്ടപ്പാറ: പകല്‍വെട്ടത്തിലോ രാത്രിയോ ആകട്ടെ, അക്രമിക്കാന്‍ എത്തുന്നവരെ മലര്‍ത്തിയടിക്കാന്‍ ചക്കിട്ടപ്പാറയിലെ ഈ കുരുന്നുകള്‍ക്ക് മറ്റാരുടെയും സഹായം വേണ്ടിവരില്ല. കൈപ്രയോഗത്തിലൂടെ എതിരാളിയെ തൂക്കിയെറിയാനുള്ള അടവുകള്‍ ചെറുപ്രായത്തില്‍ ഈ കുട്ടികളെ പഠിപ്പിക്കുകയാണ് നാദാപുരം സ്വദേശിയായ പ്രേമന്‍ ഗുരുക്കള്‍.

വനിത–ശിശു വികസന വകുപ്പ് ആവിഷ്‌കരിക്കുന്ന ‘ധീര’യിലൂടെ സ്വയരരക്ഷയ്ക്ക് പെണ്‍കുട്ടികളെ പ്രാപ്തരാക്കാന്‍ കളരിമുറ അഭ്യസിപ്പിക്കുകയാണ് ഇവരെ. 10 മുതല്‍ 15 വയസുവരെയുള്ള പെണ്‍കുട്ടികള്‍ക്കാണ് 10 മാസത്തെ പരിശീലനം.

തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളിലാണ് ധീരക്ക് തുടക്കമായത്. ചക്കിട്ടപ്പാറയ്ക്ക് പുറമേ കുന്നമംഗലത്തും കോഴിക്കോട് കോര്‍പ്പറേഷനിലുമാണ് വിദ്യാര്‍ഥികളെ പ്രതിരോധ മുറകള്‍ പഠിപ്പിക്കുന്നത്.

30 പെണ്‍കുട്ടികള്‍ വീതമാണ് ഓരോ കേന്ദ്രത്തിലും പരിശീലനം നേടുന്നത്. പരിശീലനം കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. അങ്കണവാടികള്‍ വഴിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.

പരിശീലിക്കുന്നവര്‍ക്ക് പാല്‍, മുട്ട, പഴം എന്നിവ നല്‍കും. ആഴ്ചയില്‍ രണ്ട് ദിവസം ഒന്നേമുക്കാല്‍ മണിക്കൂര്‍ വീതമാണ് ക്ലാസ്. നാദാപുരം സ്വദേശിയായ പ്രേമന്‍ ഗുരുക്കള്‍, ഭാര്യ കൃഷ്ണപ്രിയ എന്നിവരാണ് മൂന്നിടത്തും പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്