കലാസംരക്ഷണം, പരിപോഷണം; കരുവണ്ണൂരില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ‘കലാഗ്രാമം’ ഒരുങ്ങുന്നു
നടുവണ്ണൂര്‍: കരുവണ്ണൂരില്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ‘കലാഗ്രാമം’ പദ്ധതി നടപ്പാക്കുന്നു. കലാസംരക്ഷണം, പരിപോഷണം എന്നീവയാണ് പദ്ധതിയുടെ ലക്ഷ്യം.
നടുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാഥമികാവശ്യത്തിന് ബ്ലോക്ക് പഞ്ചായത്ത് 11,10,000 രൂപയും നടുവണ്ണൂര്‍ പഞ്ചായത്ത് ആറുലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
കരുവണ്ണൂരില്‍ കലാഗ്രാമം പണിയാന്‍വേണ്ടി കലാകാരന്‍മാരുടെ കൂട്ടായ്മയായ ‘ആര്‍ട്ട് ഗാലറി’ പ്രവര്‍ത്തകര്‍ ജനകീയമായി ആറരലക്ഷംരൂപ സമാഹരിച്ച് എട്ടുസെന്റ് സ്ഥലം വാങ്ങി പഞ്ചായത്തിന് കൈമാറിയിട്ടുണ്ട്. ആര്‍ട്ട് ഗാലറി ചെയര്‍മാന്‍ ബൈജു കാഞ്ഞൂര്‍, മുകുന്ദന്‍ കരുവണ്ണൂര്‍ (കണ്‍.), ബവീണ സന്തോഷ് (ഖജാ.), സുരേഷ് പി. ജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തിയത്.
കരുവണ്ണൂരിലെ നാഗത്ത് ഭാഗത്താണ് കലാഗ്രാമത്തിന് സ്ഥലം കണ്ടെത്തിയത്. ഇതില്‍ മൂന്നുനില ആര്‍.സി. കെട്ടിടമാണ് പണിയുക. മുകളിലും താഴെയും കോണ്‍ഫറന്‍സ് ഹാളുകളുണ്ടാകും. ഗ്രന്ഥാലയം, കലോത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഇടം, പഠനമുറികള്‍ തുടങ്ങിയവ കെട്ടിടത്തിലൊരുക്കും.
ചിത്രകല, സംഗീതം, നൃത്തം, അഭിനയം എന്നിവയുടെ പരിപോഷണമാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. സ്ഥലം കെട്ടിടനിര്‍മാണത്തിന് മുന്നോടിയായുള്ള പരിശോധനയ്ക്ക് സിവില്‍ എന്‍ജിനിയറിങ് ഗവേഷണവിഭാത്തിന് മണ്ണ് സാംപിള്‍ നല്‍കിയിട്ടുണ്ട്. പരിശോധനാഫലം ലഭിച്ചാലുടന്‍ പ്രവൃത്തി തുടങ്ങാനാണ് തീരുമാനം.
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. നിഷ (ചെയ.), മുകുന്ദന്‍ കരുവണ്ണൂര്‍, ഗ്രാമപ്പഞ്ചായത്തംഗം സി.കെ. സോമന്‍ എന്നിവരുള്‍പ്പെട്ട സമിതിക്കാണ് കലാഗ്രാമത്തിന്റെ ചുമതല.
summary: kalagramam is getting ready at karuvannur