‘സംഗീതം, നൃത്തം, അഭിനയം’; കലകളുടെ പരിപോഷണത്തിനായി കരുവണ്ണൂരിൽ കലാ​ഗ്രാമം ഒരുങ്ങുന്നു


നടുവണ്ണൂർ: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കരുവണ്ണൂരിൽ കലാ​ഗ്രാമം ഒരുങ്ങുന്നു. കലാസംരക്ഷണം, പരിപോഷണം എന്നീ ലക്ഷ്യങ്ങളുമായി നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചിത്രകല, സംഗീതം, നൃത്തം, അഭിനയം എന്നിവയുടെ പരിപോഷണമാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക.

പ്രാഥമികാവശ്യത്തിന് ബ്ലോക്ക് പഞ്ചായത്ത് 11,10,000 രൂപയും നടുവണ്ണൂർ പഞ്ചായത്ത് ആറുലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കലാകാരൻമാരുടെ കൂട്ടായ്മയായ ‘ആർട്ട് ഗാലറി’ പ്രവർത്തകർ ജനകീയമായി ആറരലക്ഷംരൂപ സമാഹരിച്ച് കലാ​ഗ്രാമത്തിന്റെ നിർമ്മാണത്തിനായി എട്ടുസെന്റ് സ്ഥലം വാങ്ങി പഞ്ചായത്തിന് കൈമാറിയിട്ടുണ്ട്. കരുവണ്ണൂരിലെ നാഗത്ത് ഭാഗത്താണ് കലാഗ്രാമത്തിന് സ്ഥലം കണ്ടെത്തിയത്. ഇതിൽ മൂന്നുനില ആർ.സി. കെട്ടിടമാണ് പണിയുക. മുകളിലും താഴെയും കോൺഫറൻസ് ഹാളുകളുണ്ടാകും. ഗ്രന്ഥാലയം, കലോത്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള ഇടം, പഠനമുറികൾ തുടങ്ങിയവ കെട്ടിടത്തിലൊരുക്കും.

കോവിഡ്കാലത്താണ് കലാഗ്രാമംപദ്ധതിക്കായി ധനസമാഹരണം നടത്തിയത്. ആർട്ട് ഗാലറി ചെയർമാൻ ബൈജു കാഞ്ഞൂർ, മുകുന്ദൻ കരുവണ്ണൂർ, ബവീണ സന്തോഷ്, സുരേഷ് പി. ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തിയത്. കരുവണ്ണൂരിലെ നാഗത്ത് ഭാഗത്താണ് കലാഗ്രാമത്തിന് സ്ഥലം കണ്ടെത്തിയത്. സ്ഥലം കെട്ടിടനിർമാണത്തിന് മുന്നോടിയായുള്ള പരിശോധനയ്ക്ക് സിവിൽ എൻജിനിയറിങ് ഗവേഷണവിഭാത്തിന് മണ്ണ് സാംപിൾ നൽകിയിട്ടുണ്ട്. പരിശോധനാഫലം ലഭിച്ചാലുടൻ പ്രവൃത്തി തുടങ്ങുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ പറഞ്ഞു.

Summary: Kalagram is being prepared at Karuvannur