കാട്ടാന ഭീതിയില്‍ കക്കയം നിവാസികള്‍; സ്ഥലം സന്ദര്‍ശിച്ച് സച്ചിന്‍ ദേവ് എംഎല്‍എ


കക്കയം: കാട്ടാനയിറങ്ങിയ കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയത്ത് ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവ് ഇന്നലെ സന്ദര്‍ശനം നടത്തി. ജനങ്ങളുടെ ആശങ്ക വനം വകുപ്പ് മന്ത്രിയെ എംഎല്‍എ ധരിപ്പിച്ചു.


ആനയെ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് തുരത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് എംഎല്‍എ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.


സംഭവ സ്ഥലത്തേക്ക് ഫോറസ്റ്റ് റെയിഞ്ചര്‍ ഉള്‍പ്പെടെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉദ്യോഗസ്ഥരെ എംഎല്‍എ ബോധ്യപ്പെടുത്തുകയും ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും മുന്നില്‍ നിന്നു തന്നെ വനവകുപ്പ് മന്ത്രിയെ ഫോണില്‍ വിളിച്ച് കക്കയത്തെ പ്രശ്‌നത്തിന്റെ ഗൗരവാവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.


സ്ഥലത്തെ സൗരോര്‍ജ്ജ വേലിയിലെ നിലവിലുള്ള പോരായ്മകള്‍, എലിഫന്റ് വാച്ചര്‍മാരുടെ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത , നൈറ്റ് പെട്രോളിങ് ശക്തമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മന്ത്രിയോട് എംഎല്‍എആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം തന്നെ വനം മന്ത്രി ഡി.എഫ്.ഒ എന്നിവര്‍ക്ക് ആ സമയത്ത് തന്നെ രേഖപരമായി നിവേദനം എത്തിക്കാനുള്ള ഇടപെടലും നടന്നു. തുടര്‍ന്ന് ഫോറസ്റ്റ് സ്റ്റേഷനില്‍ യോഗം ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. എംഎല്‍എ പങ്കെടുത്ത യോഗത്തിന്റെ തീരുമാനം എന്ന നിലയില്‍ മിനുട്‌സിന്റെ പകര്‍പ്പ് ഉള്‍പ്പെടെ മേല്‍ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്.