ഉൽപ്പാദനശേഷി കൂട്ടാൻ കക്കയം; കുറ്റ്യാടി ജലവൈദ്യുത പദ്ധതി നവീകരിക്കുന്നു


കൂരാച്ചുണ്ട്: വൈദ്യുതമേഖലയിലെ വികസന മുന്നേറ്റത്തിന്‌ ആക്കം കൂട്ടാൻ കക്കയത്തെ കുറ്റ്യാടി ജലവൈദ്യുത പദ്ധതി നവീകരിക്കുന്നു. ഉൽപ്പാദന പ്രസരണ ഊർജ ഉപഭോഗം സാധ്യമാക്കുന്നതിനായി ആദ്യഘട്ടത്തിൽ നവീകരണത്തിനൊപ്പം ശേഷി വർധിപ്പിക്കൽ പ്രവൃത്തിക്കും വ്യാഴാഴ്‌ച തുടക്കമാവും. പകൽ 10.30ന്‌ കക്കയം ഗവ. എൽപി സ്‌കൂളിൽ മന്ത്രി കെ കൃഷ്‌ണൻകുട്ടി ഉദ്‌ഘാടനംചെയ്യും. സംസ്ഥാന ജല വൈദ്യുത പദ്ധതികളിൽ സ്ഥാപിതശേഷിയിൽ മൂന്നാം സ്ഥാനത്താണ്‌ കുറ്റ്യാടി ജലവൈദ്യുത പദ്ധതി. ചടങ്ങിൽ അഡ്വ. കെ.എം സച്ചിന്‍ദേവ് എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.കെ. രാഘവന്‍ എം.പി. മുഖ്യാതിഥിയാണ്.
50 വർഷം കഴിഞ്ഞ മെഷീനുകൾ മാറ്റി ആധുനികീകരണ ശേഷി വർധിപ്പിക്കലാണ്‌ ആദ്യഘട്ടം. മൂന്ന് മെഷീനുകളും എംഐവി, ടർബെൻ ജനറേറ്റർ, കൺട്രോൾ പാനലുകൾ എന്നിവയും അനുബന്ധ ഉപകരണങ്ങളും മാറ്റി സ്ഥാപിക്കും. ഇലക്ട്രോ മെക്കാനിക്കൽ ജോലികളുടെ കരാർ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡാണ്. 89.82 കോടി രൂപയുടെ കരാറാണ് ബിഎച്ച് ഇഎല്ലിന് നൽകിയത്.
225 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയിൽ 250 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്ന് മെഷീനുകൾ അടങ്ങിയ പദ്ധതി 1972ലാണ് സ്ഥാപിതമായത്. 10 ശതമാനം ഉൽപ്പാദനശേഷി വർധിപ്പിക്കാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ 25 മെഗാവാട്ട് മെഷീനുകളുടെ ശേഷി 27.5 മെഗാവാട്ടാവും. മൂന്ന് മെഷീനുകൾക്കും കൂടി 7.5 മെഗാവാട്ടിന്റെ അധിക ഉൽപ്പാദനം സാധ്യമാക്കി മൊത്തം ഉൽപ്പാദന ശേഷി 239.25 മെഗാവാട്ടായി വർധിപ്പിക്കും. വാർഷിക വൈദ്യുതി ഉൽപ്പാദനം 26 ദശലക്ഷം യൂണിറ്റ് അധികമായി ഉണ്ടാകുമെന്നാണ് കെഎസ്ഇബി കണക്കാക്കുന്നത്.