ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; കക്കയം ഡാമിന്റെ രണ്ട് ഷട്ടറും തുറന്നു: കുറ്റ്യാടി പുഴയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കുക
പേരാമ്പ്ര: കക്കയം ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. ജല നിരപ്പ് ഉയന്ന് 757.80 മീറ്ററില്‍ എത്തിയതിനാലാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.
രാവിലെ ഏഴ് മണിക്ക് ശേഷം ഡാമിന്റെ രണ്ട് ഗേറ്റുകളും 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. 17 ക്യൂബിക് മീറ്റര്‍/ സെക്കന്റ് വെള്ളമാണ് ഒഴുക്കി വിടുക. ആവശ്യമെങ്കില്‍ ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് ക്രമേണ കൂട്ടുമെന്ന് തരിയോട് ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു
പുഴയില്‍ രണ്ടര അടിവരെ വെള്ളം ഉയരാന്‍ സാധ്യത ഉള്ളതിനാല്‍ കുറ്റ്യാടിപ്പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
കനത്ത മഴയെ തുടര്‍ന്ന ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കഴിഞ്ഞ ദിവസം കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു. എന്നാല്‍ മഴ കുറഞ്ഞതോടെ വീണ്ടും അടച്ചിരുന്നു. പ്രദേശങ്ങളില്‍ റെഡ് അലേര്‍ട്ട് നേരെത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.