കാത്തിരിപ്പിന് വിരാമം; കക്കട്ട് ടൗൺ നവീകരണ പ്രവൃത്തി പൂർത്തിയായി
കക്കട്ട്: സംസ്ഥാനപാതയിലെ കക്കട്ടിൽ ടൗൺ നവീകരണ പ്രവൃത്തി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി.റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി പുതുതായി 400 മീറ്റർ നീളത്തിൽ ഫുട്പാത്തോട് കൂടിയ കോൺക്രീറ്റ് ഡ്രയിനേജ് നിർമ്മിച്ചിട്ടുണ്ട് . നേരത്തെ നിർമിച്ച ഫുട്പാത്തിലുൾപ്പെടെ ഏകദേശം 482 മീറ്റർ നീളത്തിൽ ഹാൻഡ് റയിൽ ഈ പ്രവൃത്തിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം സംസ്ഥാനപാതയുടെ ബിസി ഓവർലേ പ്രവർത്തി നടത്തിയതിന്റെ ഭാഗമായി മികച്ച സൗകര്യമാണ് കക്കട്ടിൽ ടൗണിൽ ഉണ്ടായിട്ടുള്ളത്.
640 മീറ്റർ നീളത്തിൽ കോൺക്രീറ്റ് കെർബ് നിർമ്മിച്ചിട്ടുണ്ട് നേരത്തെ നിർമിച്ച ഫുട്പാത്തിലുൾപ്പെടെ 1691ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 60 എംഎം കനത്തിലുള്ള ഇന്റർലോക്ക് കട്ടകളും റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി 401ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 100 എംഎം കനത്തിലുള്ള ഇന്റർലോക്ക് കട്ടകളും വിരിച്ചിട്ടുണ്ട്. കൂടാതെ കോൺക്രീറ്റ് കെർബിലും ഹാൻഡ് റയിലിലും പെയിന്റിംഗ് പ്രവർത്തി നടത്തിയിട്ടുമുണ്ട്. അതേപോലെ ടാർ റോഡിന്റെ അരികുകൾ സംരക്ഷിക്കുന്നതിനായി ആവശ്യമായ സ്ഥലങ്ങളിൽ 2900 ചതുരശ്ര മീറ്റർ വിസ്‌തൃതിയിൽ ഐറിഷ് ഡ്രയിൻ നിർമിച്ചിട്ടുണ്ട്.

പ്രധാനമായും മുൻപ് പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്റെ അനാസ്ഥ കാരണം പ്രവൃത്തി പാതിവഴിയിലായിരുന്നു. പുതിയ കരാറുകാരന് പ്രവൃത്തി കൈമാറിയതോടെയാണ് പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ സാധിച്ചതെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ പറഞ്ഞു.