കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് തെറ്റ്; പോസ്റ്റ് ഉണ്ടാക്കിയവരെ കണ്ടെത്താൻ പോലിസിന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സിപിഎം നേതാവ് എം വി ജയരാജൻ


കണ്ണൂർ: കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് തെറ്റെന്ന് സിപിഎം നേതാവ് എം വി ജയരാജൻ. പോസ്റ്റ് ഉണ്ടാക്കിയവരെ ആദ്യം കണ്ടെത്തണം. അതിന് പൊലീസിന് കഴിയും എന്നാണ് പ്രതീക്ഷ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും എം വി ജയരാജൻ പറഞ്ഞു. അതേസമയം അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൻ്റെ അഡ്മിനായ സിപിഎം ബ്രാഞ്ച് സെക്രട്ടറി മനീഷിനെതിരെ നടപടിഎടുക്കുമോ എന്ന ചോദ്യത്തിന് എം വി ജയരാജൻ പ്രതികരിച്ചില്ല.

‘കാഫിർ’ വ്യാജ സ്‌ക്രീൻഷോട്ട് ആദ്യം ലഭിച്ചത് റെഡ് എൻകൗണ്ടർ വാട്സ് ആപ് ഗ്രൂപ്പിലാണെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷാണ് ഈ ഗ്രൂപ്പിൽ സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്. ഇത് കണ്ടെത്തിയ പൊലീസ് റിബേഷിനെ ചോദ്യം ചെയ്തിരുന്നു. സ്‌ക്രീൻഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞത്. റിബേഷിൻ്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.