കാഫിർ സ്ക്രീൻ ഷോട്ട് വിവാദം; പോസ്റ്റിന്റെ ഉറവിടം കണ്ടെത്തണം, എംഎസ്എഫ് നേതാവിന്റെ പരാതിയിൽ എന്തുകൊണ്ട് കേസെടുക്കുന്നില്ല, സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി


കൊച്ചി: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. വിവാദ പോസ്റ്റിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി പറ‍ഞ്ഞു. മൊഴികളുടെ അടിസ്ഥാനത്തിൽ കിട്ടിയ പേരുകളിൽ ഉള്ള ചിലരെ ചോദ്യം ചെയ്തിട്ടില്ലെന്നും ഇവരെ ചോദ്യം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഹർജിക്കാരനായ എംഎസ്എഫ് നേതാവിന്റെ പരാതിയിൽ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് ബെച്ചു കുര്യനാണ് കാഫിർ കേസ് പരിഗണിച്ചത്.

പലരുടേയും മൊബൈൽ ഫോണുകൾ കണ്ടുകെട്ടിയിട്ടുണ്ടെന്ന് സർക്കാർ കോടതിയിൽ മറുപടി നൽകി. ഇതിൻ്റെ ഫൊറൻസിക് പരിശോധന നടക്കുകയാണ്. അന്വേഷണത്തെ കുറിച്ച് കോടതി നിരീക്ഷണങ്ങൾ നടത്തിയാൽ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. അന്വേഷണം മികച്ച രീതിയിൽ പോകുന്നുവെന്നും സർക്കാർ മറുപടി നൽകി. വ്യാജരേഖ ചമയ്ക്കൽ വകുപ്പ് ചേർക്കണം എന്നുള്ള ഹർജിക്കാരന്റെ വാദം പരിശോധിക്കാൻ അന്വേഷണ സംഘത്തിന് കോടതി നിർദ്ദേശം നൽകി. കേസ് വീണ്ടും സെപ്റ്റംബർ ആറിലേക്ക് മാറ്റി.

Description: Kafir screenshot controversy; The source of the post should be found, why no case was filed on the MSF leader’s complaint, the HC criticized the government