കലയും സാഹിത്യവും ചര്‍ച്ച ചെയ്ത മൂന്ന് ദിനങ്ങള്‍, 125 ഓളം പ്രമുഖര്‍; കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന് സമാപനം


വടകര: മൂന്നുദിവസങ്ങളിലായി വടകര ടൗൺഹാളിൽ നടന്ന കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവല്‍ സമാപിച്ചു. സമാപന സമ്മേളനം കെ.കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കടത്തനാട് കണ്ട ഏറ്റവും വലിയ മഹോത്സവങ്ങളിൽ ഒന്നാണ് ലിറ്ററേച്ചർ ഫെസ്റ്റ് എന്ന് എം.എല്‍.എ പറഞ്ഞു.

ഐ. മൂസ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിന്റെ മൂന്നാംപതിപ്പ് അടുത്തവർഷം ഡിസംബറിൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്രതലത്തിലെ സാഹിത്യകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്താനാണ് ഉദ്ദേശ്യമെന്നും അന്താരാഷ്ട്ര പുസ്തകോത്സവവും ഇതോടൊപ്പം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കല്പറ്റ നാരായണൻ ഉപസംഹാര പ്രഭാഷണം നടത്തി. സതീശൻ എടക്കൊടി, മനയത്ത് ചന്ദ്രൻ, എം.സി. വടകര, ലത്തീഫ് കല്ലറയിൽ എന്നിവർ സാംസാരിച്ചു. ജ്യോതി വിജയകുമാർ, എ. പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു.

ഭരണഘടനയുടെ 75 വർഷം എന്ന വിഷയത്തിലായിരുന്നു സമാപനദിവസം ആരംഭിച്ചത്. തുടർന്ന് ഇന്ത്യ എന്ന ആശയം -ഹരിപ്രിയ മാണിക്കോത്ത്, കേരളം ഗുരുതരമായ നവരോഗങ്ങളുടെ ഷോറൂം ആവുകയാണോ -എസ്.എസ്. ലാൽ, എ.അൽത്താഫ്, എം. മുരളീധരൻ, പശ്ചിമേഷ്യ എങ്ങോട്ട് -എൻ.പി. ചെക്കൂട്ടി, മൈത്രി -സുനിൽ പി. ഇളയിടം, ശശികുമാർ പുറമേരി, ഡോക്ടർ നിങ്ങളെപ്പോലെ ഒരുഉമ്മ എനിക്ക് ഉണ്ടായിരുന്നെങ്കിൽ -സ്മിതാ മേനോൻ, ബീന പൂവത്തിൽ, ഗാന്ധി -പി. ഹരീന്ദ്രനാഥ്, എന്റെ സിനിമാനുഭവങ്ങൾ- രഞ്ജൻ പ്രമോദ്, ഒരുയന്ത്രം കഥപറയുമ്പോൾ -വീരാൻകുട്ടി, കലയുടെ നവലോകം -കവിതാ ബാലകൃഷ്ണൻ, മാതൃഭാഷയും സാമൂഹിക വികസനവും -കെ.എം. ഭരതൻ, ടൂറിസംകാലത്തെ യാത്ര -വി. മുസഫർ അഹമ്മദ്, സഹകരണവും സംരംഭകത്വവും -മനയത്ത് ചന്ദ്രൻ, സി. വത്സലൻ, പ്രവാസിയുടെ ലോകങ്ങൾ -സി.വി.എം. വാണിമേൽ, യൂനുസ് ഹസ്സൻ, കഥയുംപരിസ്ഥിതിയും -അംബികാസുതൻ മാങ്ങാട്, കഥാകഥനത്തിന്റെ പുതുരൂപങ്ങൾ -പി.എഫ്. മാത്യൂസ്, വി.എസ്. അനിൽകുമാർ തുടങ്ങിയവരും വിവിധ സെഷനുകളിൽ സംസാരിച്ചു.

Description: Kadthanad Literature Festival concludes