കടത്തനാട് കെപിസിജിഎം വാർഷികാഘോഷവും നവീകരിച്ച കളരി ഉദ്ഘാടനവും 19ന്
വടകര: കടത്തനാട് കെ.പി ചന്ദ്രൻ ഗുരുക്കൾ സ്മാരക കളരിസംഘം (കെകെപിസിജിഎം) ഗുരുക്കൾസ് ആയുർവേദ കളരി മർമചികിത്സാലയത്തിന്റെ മുപ്പതാം വാർഷികാഘോഷവും നവീകരിച്ച കളരിയുടെ ഉദ്ഘാടനവും 18, 19, 20 തീയതികളിൽ കളരി അങ്കണത്തില്‍ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
18ന് രാവിലെ എട്ടിന് സൗജന്യ ആയുർവേദ പാരമ്പര്യ കളരി മർമ മെഡിക്കൽക്യാമ്പും മരുന്നുവിതരണവും പത്തിന് ലഹരിവിരുദ്ധ ക്ലാസ്, 12-ന് സോഷ്യൽമീഡിയയുടെ സ്വാധീനം സമൂഹത്തിൽ, മൂന്നുമണിക്ക് കളരിസംവാദം, രാത്രി 7.30-ന് നാടകം ‘ശിവപുരം’ എന്നിവ അരങ്ങേറും.

19ന് വൈകീട്ട് മൂന്നിന് ‘ഗാർഹിക അപകടങ്ങളും സുരക്ഷയും’ എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടക്കും. നാലിന് മുഖ്യാതിഥികളുടെ സ്വീകരണത്തിനും ഘോഷയാത്രയ്ക്കും ശേഷം നവീകരിച്ച കളരിയുടെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും. മുതിർന്ന കളരിഗുരുക്കന്മാരെ കെ.കെ രമ എംഎൽഎ ആദരിക്കും. നഗരസഭാ ചെയർപേഴ്സൺ കെ.പി. ബിന്ദു മുഖ്യാതിഥിയാകും.
കളരിജീവനക്കാരും വിദ്യാർഥികളും അവതരിപ്പിക്കുന്ന കലാപരിപാടികൾ, കളരിപ്പയറ്റ്, ഗാനമേള, തിരുവാതിരക്കളി തുടങ്ങിയവയും നടക്കും. ഇരുപതിന് കച്ചകെട്ട് മഹോത്സവവും ഉണ്ടാകും. പത്രസമ്മേളനത്തിൽ സ്വാഗതസംഘം രക്ഷാധികാരി ടി. രാജൻ, ചെയർമാൻ നല്ലാടത്ത് രാഘവൻ, കൺവീനർ കെ.എം. ബാലകൃഷ്ണൻ, കെ.എം. നാരായണൻ, കെ.പി. മുഹമ്മദ് ഗുരുക്കൾ, എസ്.എം. യാർബാഷ് എന്നിവർ പങ്കെടുത്തു.
Description: Kadathanadu KPCGM anniversary celebration and inauguration