വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരുമിച്ചിറങ്ങി; ‘ഹരിത വിദ്യാലയ’ത്തിന്റെ തിളക്കത്തില്‍ ആയഞ്ചേരി കടമേരി എൽ.പി സ്‌കൂള്‍


ആയഞ്ചേരി: മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ആയഞ്ചേരി പഞ്ചായത്തിലെ 12-ാം വാർഡിലെ കടമേരി എൽ.പി സ്‌കൂള്‍ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ പകുതി വിദ്യാലയങ്ങൾ ഹരിത വിദ്യാലയ പദവി നേടിയെടുക്കണമെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്ന് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ്‌
സ്‌കൂള്‍ പദവി നേടിയെടുത്തത്‌.

പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ തുടർച്ചയായി നിരവധി ബോധവൽക്കരണ പരിപാടികളാണ് സ്‌കൂളില്‍ സംഘടിപ്പിച്ചത്. ഇതിനൊപ്പം തന്നെ ജൈവ, അജൈവ മാലിന്യങ്ങൾ വലിച്ചെറിയാതെ വേർതിരിച്ച് സൂക്ഷിച്ച് ജൈവ മാലിന്യങ്ങൾ സ്കൂൾ കോമ്പൗണ്ടിൽ സംസ്‌കരിച്ചു. അജൈവമാലിന്യങ്ങൾ ഹരിത കർമ്മ സേനാംഗങ്ങൾക്ക് കൃത്യമായി കൈമാറുകയും ചെയ്തു.

തുടര്‍ന്ന്‌ ഒക്ടോബർ 25ന് സ്‌കൂള്‍ പിടിഎ പ്രവർത്തനങ്ങൾ വിലയിരുത്തി ഒക്ടോബർ 31ന് മുമ്പ് ഹരിത വിദ്യാലയ പദവി നേടിയെടുക്കുന്നതിനാവശ്യമായ പരിപാടികൾക്ക് രൂപം നൽകി. മാത്രമല്ല സ്‌കൂളില്‍ കുട്ടികളുടെ നേതൃത്വത്തില്‍ ഒരു പച്ചക്കറിതോട്ടം ആരംഭിക്കുകയും ചെയ്തിരുന്നു.

നവമ്പർ 1ന് സ്‌കൂളില്‍ നടന്ന ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും മാലിന്യ മുക്ത പ്രതിജ്ഞ എടുത്തു. എല്ലാ വിദ്യാർത്ഥികൾക്കും വാർഡ് വികസന സമിതി തുണി സഞ്ചി വിതരണം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പ്രധാന അധ്യാപിക കെ. ആശ ടീച്ചർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.എച്ച് മൊയ്തു മാസ്റ്റർ, ഹെൽത്ത് ഇൻസ്പെക്ടർ സിദ്ധിഖ് കോറോത്ത്, ജെഎച്ച്ഐ ഇന്ദിര, സനില എൻ.കെ, രാജിഷ കെ.വി, ആശാ വർക്കർ ചന്ദ്രി, ഷംന കെ.കെ, അനഘ ബിജു, നിഷ ഇ.കെ എന്നിവർ സംസാരിച്ചു. അഥീന എസ്‌ മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലി കൊടുത്തു.