കെഎസിഎ ജില്ലാ സമ്മേളനം 14, 15 തീയതികളിൽ; വടകരയിൽ ആവേശമായി വിളംബരജാഥ


വടകര: കേരള അഡ്വക്കേറ്റ്‌ ക്ലാർക്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 14, 15 തീയതികളിൽ വടകരയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 14ന് വൈകീട്ട് 4.30ന് സാംസ്കാരിക ചത്വരത്തിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജി സി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും.

ജില്ലാസമ്മേളനത്തിന്റെ ഭാഗമായി വടകരയില്‍ വിളംബര ജാഥ നടത്തി. അഞ്ചുവിളക്കിന് സമീപത്ത് നിന്ന് ആരംഭിച്ച ജാഥ പുതിയ ബസ്‌ സ്റ്റാൻഡിൽ സമാപിച്ചു. പി.എം വിനു, വി.രവീന്ദ്രൻ, സി.പ്രദീപൻ, സി.ജയരാജൻ, സുഭാഷ് കോറോത്ത് തുടങ്ങിയവർ സംസാരിച്ചു.

സംഘടനയുടെ മുതിർന്ന നേതാവും ജില്ലാ മുൻവൈസ് പ്രസിഡന്റുമായിരുന്ന കെ.രാഘവന്റെ സ്മ‌രണാർഥം അദ്ദേഹത്തിന്റെ കുടുംബം ഏർപ്പെടുത്തിയ എൻഡോവ്‌മെന്റ്‌ സമ്മേളനത്തില്‍ വടകര അഡീഷണൽ ജില്ലാ ജഡ്‌ജി വി.ജി ബിജു വിതരണം ചെയ്യും. വി.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് മ്യൂസിക് കേഡർ കോഴിക്കോട് അവതരിപ്പിക്കുന്ന മ്യൂസിക് ഈവും കലാപരിപാടികളും അരങ്ങേറും.

15ന് രാവിലെ ഒൻപത് മുതൽ വടകര ടൗൺ ഹാളിൽ (പി.ശശിധരൻ നഗറിൽ) നടക്കുന്ന പ്രതിനിധി സമ്മേളനം കെഎസിഎ സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ രാജേന്ദ്രനും പൊതുസമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പിൽ എംപി മുഖ്യാതിഥിയാകും. കെ.കെ. രമ എംഎൽഎ അധ്യക്ഷയാകും. പത്രസമ്മേളനത്തിൽ എ. സനൂജ്, ഇ. നാരായണൻ നായർ, എ. സുരാജ്, ഒ.ടി. മുരളീദാസ്, പ്രദീപൻ എന്നിവർ പങ്കെടുത്തു.

Description: KACA district conference on 14th and 15th; Announcement procession in Vadakara