കെ.വിദ്യയെ ഒളിവിൽ കഴിയാൻ സഹായിച്ച പേരാമ്പ്ര എം.എൽ.എ ടി.പി. രാമകൃഷ്ണന്റെ പങ്ക് അന്വേഷിക്കണം; യൂത്ത് ലീഗ്
മേപ്പയ്യൂർ: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ കെ.വിദ്യയെ ഒളിവിൽ കഴിയാൻ സഹായിച്ച പേരാമ്പ്ര എം.എൽ.എ യും, സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് മെമ്പറുമായ ടി.പി രാമകൃഷ്ണൻ്റെ പങ്ക് അന്വേഷണ വിധേയമാക്കണമെന്ന് യൂത്ത് ലീഗ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
സർക്കാർ ജോലിക്ക് വ്യാജരേഖ ചമക്കൽ കേസ് പ്രതിയായ എസ്.എഫ്.ഐ നേതാവ് കെ.വിദ്യക്ക് കുട്ടോത്ത് ഒളിവിൽ താമസിക്കുവാൻ ഇടം ഒരുക്കിയ സി.പി.എം, എസ്.എഫ്.ഐ ഉന്നതർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ പോലീസ് സ്റ്റേഷൻ മാർച്ചും റോഡ് ഉപരോധവും നടത്തി.
രണ്ടു മണിക്കൂറുകളോളം മേപ്പയ്യൂർ പോലീസ് സ്റ്റേഷനു മുമ്പില്‍ റോഡ് ഉപരോധം നടത്തിയിട്ടും പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയില്ല. ഉപരോധ സമരം മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.
പി.സി മുഹമ്മദ് സിറാജ് അധ്യക്ഷനായി. യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് മിസ്ഹബ് കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി. ശിഹാബ് കന്നാട്ടി, മുജീബ് കോമത്ത്, കെ.കെ റഫീഖ്, സലിം മിലാസ്, കെ.സി മുഹമ്മദ്, ടി.കെ നഹാസ്, ഹുസ്സെൻ കമ്മന, ശംസുദ്ദീൻ വടക്കയിൽ സംസാരിച്ചു. പി.മുനീർ, സി.പി ഷക്കീൽ, സി.പി.ഫാസിൽ, മുഹമ്മദ് മുയിപ്പോത്ത്, മുഹമ്മദ് കുട്ടോത്ത്, അജിനാസ് കാരയിൽ, അഫ്സൽ അൽ സഫ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.