”നഷ്ടമായത് മുതുകാടിന്റെ സമരമണ്ണ് ചുവന്ന ഭൂമികയാക്കാന്‍ രക്തവും വിയര്‍പ്പും നല്‍കിയ സഖാവിനെ” അന്തരിച്ച സി.പി.എം നേതാവ് മുതുകാട് രാരാറ്റേമ്മല്‍ രവീന്ദ്രനെക്കുറിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍
വ്യക്തി ജീവിതത്തില്‍ ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ട് എങ്കില്‍ അതിനൊരു കാരണം രവിയേട്ടന്‍ മാത്രമാണ്.
വ്യക്തിപരമായി എനിക്ക് നഷ്ടമായത് ജേഷ്ഠ സഹോദര സ്‌നേഹത്തോടെ, ജീവിക്കാന്‍, സ്‌നേഹിക്കാന്‍, സംഘടന പ്രവര്‍ത്തനം നടത്താന്‍, സഹജീവികളോട് കരുണയോടു പെരുമാറാന്‍ ഒക്കെ എന്നെ പഠിപ്പിച്ച ഒരു വലിയ മനുഷ്യ സ്‌നേഹിയെ ആണ്.
1970 കളില്‍ ആണ് രവിയേട്ടന്‍ പേരാമ്പ്ര എസ്റ്റേറ്റില്‍ എത്തുന്നത്. അന്ന് മുതല്‍ മരണം വരെ ഈ നാട്ടിലെ ഓരോ മനുഷ്യനും അദ്ദേഹം പലവിധ വിഷയങ്ങളില്‍ ആശ്രയം ആയിരുന്നു.
വിഷയം എന്ത് തന്നെ ആയാലും അവയൊക്കെ പരിഹരിക്കാന്‍ രവിയേട്ടന്റെ പക്കല്‍ ഒരു ഫോര്‍മുല ഉണ്ടാകും. രവിയേട്ടന്‍ എന്തെങ്കിലും ഒരു കാര്യത്തിന് സഹായമാകാത്ത ഒരു കുടുംബം പോലും മുതുകാട് മേഖലയില്‍ ഉണ്ടാകില്ല എന്നത് തന്നെ, പൊതു ജീവിതത്തില്‍ അദ്ദേഹം എന്തായിരുന്നു എന്ന് നമ്മെ ബോധ്യപ്പെടുത്തും.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഈ നാട്ടില്‍ വളര്‍ന്നു വന്നതില്‍ രവിയേട്ടന്റെ പങ്ക് നിസ്തുലമാണ്. പേരാമ്പ്ര പ്ലാന്റേഷനില്‍ സി.ഐ.ടി.യു ആരംഭിച്ച നാള്‍ മുതല്‍ സംഘടനയുടെ നേതൃ സ്ഥാനത്ത് അദ്ദേഹം ഉണ്ടായിരുന്നു.
കാല്‍ നൂറ്റാണ്ട് കാലം ആണ് അദ്ദേഹം പേരാമ്പ്ര പ്ലാന്റേഷന്‍ ജനറല്‍ സെക്രട്ടറി സ്ഥാനം അലങ്കരിച്ചത്. കൊയിലാണ്ടി താലൂക്ക് സി.ഐ.ടി.യുവകമ്മറ്റിയില്‍ അംഗമായിരുന്നു. 1971 മുതല്‍ പാര്‍ട്ടി ലോക്കല്‍ കമ്മറ്റി അംഗം എന്ന നിലയില്‍ നാല് പതിറ്റാണ്ടില്‍ അധികം അദ്ദേഹം കര്‍മ നിരതനായിരുന്നു. ഇപ്പോഴും പാര്‍ട്ടി അംഗം എന്ന നിലയില്‍ മുതുകാട് ബ്രാഞ്ചില്‍ പ്രവര്‍ത്തിച്ചു വരികയാണ്.
ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ എന്ന നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
അതി ദുര്‍ഘടമായ സാഹചര്യത്തില്‍ ആണ് രവിയേട്ടന്‍ നാട്ടില്‍ പാര്‍ട്ടിയെ വളര്‍ത്തിയെടുത്തത്.
158 നീണ്ട ദിവസങ്ങള്‍ ആണ് കൊടിയ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി ജയില്‍ കഴിഞ്ഞത്.
അടിയന്തരാവസ്ഥ കാലത്ത് സഖാവ് ടി.പിയോടൊപ്പം കക്കയം കാംപില്‍ രവിയേട്ടന്‍ അടക്കം ഉള്ള സഖാക്കള്‍ നേരിട്ടത് വിവരണാതീതമായ പോലീസ് ക്രൂരതകള്‍ ആണ്.
രാഷ്ട്രീയ പ്രതിസന്ധികളെ നെഞ്ചുറപ്പു കൊണ്ട് നേരിട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നമ്മുടെ നാട്ടില്‍ അതിശക്തമായ വേരോട്ടം ഉണ്ടാക്കിയെടുത്ത സംഘടനാ നേതൃത്വം ആണ് നഷ്ടമായത്.
മുതുകാടിന്റെ, കൂത്താളിയുടെ, ചക്കിട്ടപാറയുടെ സമരചരിത്രത്തിന്റെ എടുകളില്‍, തെളിവാര്‍ന്ന ഓര്‍മകളുമായി സഖാവ് രവിയേട്ടന്‍ എന്നും ജീവിക്കും.
മുതുകാടിന്റെ സമര മണ്ണ് ചുവന്ന ഭൂമിക ആക്കാന്‍ സഖാവ് നല്‍കിയ രക്തവും വിയര്‍പ്പും അന്വര്‍ഥമാകില്ല.