‘പഞ്ചായത്തിന്റെ പരിശ്രമത്താല്‍ നടപ്പാവുന്നത് കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യം’; ചക്കിട്ടപാറയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്വകാര്യ ഭൂമി ഏറ്റെടുക്കാനുള്ള പദ്ധതിയെ കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്


പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കാനുള്ള വനം വകുപ്പിന്റെ തീരുമാനത്തില്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പ്രതികരിച്ച് ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍. കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇപ്പോള്‍ നടപ്പാവുന്നതെന്ന് കെ.സുനില്‍ പറഞ്ഞു.

‘സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്നത്. 126 കര്‍ഷകരുടെ 202 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിനായി 16 കോടി രൂപയാണ് നഷ്ടപരിഹാരമായി നല്‍കാന്‍ തീരുമാനിച്ചത്. പഞ്ചായത്ത് മുന്‍കൈയെടുത്താണ് ഇപ്പോള്‍ പദ്ധതി യാഥാര്‍ത്ഥ്യമായത്.’ -അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി വിധി പ്രകാരം പരിസ്ഥിതി ലോല പ്രദേശവും വന്യ മൃഗങ്ങളുടെ ശല്യവും കാരണം കൃഷി തുടരാന്‍ കഴിയാത്ത ദയനീയ സാഹചര്യമാണ് ഈ മേഖലയില്‍. സി.പി.എം നേതൃത്വത്തിലും ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിലും സംസ്ഥാന സര്‍ക്കാരില്‍ അതിശക്തമായ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായാണ് ഈ വിഷയത്തില്‍ കര്‍ഷകരുടെ കണ്ണീരൊപ്പുന്ന തീരുമാനം ഉണ്ടാക്കുവാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഭൂമിയുടെ നിയമപരമായ അവകാശം ഉറപ്പ് വരുത്തി മുഴുവന്‍ കര്‍ഷകര്‍ക്കും ഈ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ ഉടനടി പൂര്‍ത്തീകരിക്കും. ഒരു രേഖയും ഇല്ലാതെ കൈവശഭൂമി മാത്രം ഉള്ള 18 കുടുംബങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ ലഭ്യമാക്കാന്‍ കലക്ടര്‍ തന്നെ നേരിട്ട് ഇടപെട്ട് തീരുമാനം ഉണ്ടാകണം എന്നും റീജിയണല്‍ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.