കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കൊലപാതകി,നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥൻ; കണ്ണൂർ എഡിഎമ്മിന്റെ മരണത്തിൽ പ്രതികരണവുമായി കെ സുധാകരൻ
പത്തനംതിട്ട: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ കൊലപാതകിയാണെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ. ക്രിമിനൽ കുറ്റമാണ് ദിവ്യ ചെയ്തത്. എല്ലാ കാര്യങ്ങളും സത്യസന്ധമായി ചെയ്യുന്ന ഉദ്യോഗസ്ഥനായിരുന്നു കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കാണിച്ചത് അതിക്രൂരതയെന്നും അദ്ദേഹം ആരോപിച്ചു. നവീനിന്റെ മരണം ഓർമ്മിക്കാൻ പോലും സാധിക്കില്ല.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അപവാദ പ്രചരണമാണ് ആത്മഹത്യക്ക് കാരണം. പൊലീസിന്റെ നടപടി സത്യസന്ധമല്ലെങ്കിൽ നിയമാനുസൃത നടപടിയിലേക്ക് പോകുമെന്നും കെ സുധാകരൻ വ്യക്തമാക്കി. ജനാധിപത്യ സംവിധാനത്തിൽ ആലോചിക്കാൻ പറ്റാത്ത കാര്യമാണ് പി പി ദിവ്യ ചെയ്തത്.
ദിവ്യയെ യാത്രയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. കളക്ടറോട് താൻ ദിവ്യയെ എന്തിനാണ് അവിടെ ഇരുത്തിയതെന്ന് ചോദിച്ചു. കളക്ടർ ചോദ്യം ചെയ്യേണ്ടതായിരുന്നു. പെട്രോൾ പമ്പ് സംബന്ധിച്ച് ബിനാമി ആരോപണം അങ്ങാടിപ്പാട്ടാണ്. ബിനാമി ആരോപണം സത്യമാണ്. സിപിഐഎം ക്രൂരന്മാരുടെ പാർട്ടിയായതുകൊണ്ടാണ് പി പി ദിവ്യയെ പുറത്താക്കാത്തതെന്നും കെപിസിസി പ്രസിഡൻ്റ് പറഞ്ഞു.