‘രണ്ടുപേര് ഫ്‌ളൈറ്റില്‍ കയറി കരിങ്കൊടി കാണിച്ചാല്‍… എന്തായാലും ഫ്‌ളൈറ്റില്‍ നിന്നും പുറത്തിറക്കാന്‍ കഴിയില്ലല്ലോ’ വിവാദ വാട്‌സ്ആപ്പ് ചാറ്റ്; കെ.എസ്.ശബരീനാഥ് അറസ്റ്റില്‍
തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കുനേരെയുണ്ടായ പ്രതിഷേധത്തിന് പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്ന വിധത്തില്‍ ചില വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചത് പ്രചരിച്ചതിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥന്‍ അറസ്റ്റില്‍. ‘രണ്ടുപേര് ഫ്‌ളൈറ്റില്‍ കയറി കരിങ്കൊടി കാണിച്ചാല്‍… എന്തായാലും ഫ്‌ളൈറ്റില്‍ നിന്നും പുറത്തിറക്കാന്‍ കഴിയില്ലല്ലോ’ എന്നുപറയുന്ന ശബരീനാഥിന്റേത് എന്ന് സംശയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റിന്റെ വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അദ്ദേഹത്തിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.
വലിയതുറ പൊലീസ് സ്റ്റേഷനിലാണ് ശബരീനാഥ് ഹാജരായത്. ശംഖുമുഖം അസി. കമ്മീഷണര്‍ പൃഥ്വിരാജാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.
മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് വിമാനത്തില്‍ വരുന്നുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ശബരീനാഥിന്റെ പേരിലുള്ള സന്ദേശം വന്നത്. വിമാനത്തിനുള്ളില്‍വെച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാമെന്ന ആശയം ഇതില്‍ ചിലര്‍ പങ്കുവെച്ചിരുന്നു. ഇതിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ ശബരീനാഥ് പറയുന്നതായുള്ളത്.
പ്രചരിച്ച സ്‌ക്രീന്‍ ഷോട്ടിലുളളത് തന്റെ സന്ദേശമാണോയെന്ന് പൊലീസിനോട് പറയുമെന്നായിരുന്നു രാവിലെ ശബരീനാഥ് മാധ്യമങ്ങളോട് പറഞ്ഞത്.
Summary: K.S. Sabarinathan arrested