‘ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വര്‍ത്തമാനം’; കെ.എസ്.ബിമല്‍ അനുസ്മരണം നാളെ കോഴിക്കോട്; പ്രൊഫ. കല്യാണി എത്തും


 

കോഴിക്കോട്: ജനാധിപത്യ വേദിയുടെ സ്ഥാപകനും ആക്ടിവിസ്റ്റും നാടകപ്രവര്‍ത്തകനുമായിരുന്ന കെ.എസ്.ബിമലിന്റെ അനുസ്മരണത്തോടനുബന്ധിച്ച് കോഴിക്കോട് ടൗണ്‍ ഹാളില്‍ ജനാധിപത്യ സംഗമം സംഘടിപ്പിക്കുന്നു. ‘ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വര്‍ത്തമാനം’ എന്ന് പേരിട്ട പരിപാടി, ജുലൈ 11 തിങ്കളാഴ്ച കോഴിക്കോട് ടൗണ്‍ഹാളില്‍ വിവിധങ്ങളായ പരിപാടികളോടെ നടക്കും.

 

വൈകീട്ട് നടക്കുന്ന ജനാധിപത്യ സംഗമം തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രമുഖ ആക്ടിവിസ്റ്റ് പ്രൊഫ. കല്യാണി ഉദ്ഘാടനം ചെയ്യും. തീവ്ര മാര്‍ക്‌സിസ്റ്റ് സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം പിന്നീട് തമിഴ്‌നാട്ടിലെ ഇരുള സമുദായം അനുഭവിക്കുന്ന അടിമ ജീവിതത്തെ മനസ്സിലാക്കുകയും അവരിലൊരാളായി അവര്‍ക്കിടയില്‍ ജീവിച്ച് അവര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തു. ഇരുളര്‍ക്ക് ഭൂമിയും വീടും തൊഴിലും വിദ്യാഭ്യാസവുമൊക്കെ ഉണ്ടാക്കി കൊടുക്കുന്നതിന് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വിജയത്തിലെത്തിച്ച ആക്ടിവിസ്റ്റാണ് അദ്ദേഹം.

കേരളമുള്‍പ്പെടെ തെന്നിന്ത്യയിലാകെ ശ്രദ്ധേയമായ ‘ജയ്ഭീം. സിനിമയുടെ പ്രമേയമായി വന്നത്, പ്രൊഫ. കല്യാണിയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തങ്ങളാണ്. ജസ്റ്റിസ് ചന്ദ്രുവിന്റെ സഹപ്രവര്‍ത്തകനാണ് കല്യാണി. ഇദ്ദേഹത്തോടൊപ്പം സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി.എന്‍.ചന്ദ്രന്‍, ദളിത് ചിന്തകന്‍ സണ്ണി എം. കപിക്കാട്, ചരിത്രകാരന്‍ ഡോ.കെ.എസ്.മാധവന്‍, സ്മിത നെരവത്ത് എന്നിവരും പങ്കെടുക്കും.

 

കാലത്ത് 10.30 ന്ടക്കുന്ന ‘കാര്‍ണിവല്‍ ഓഫ് ഡിഫറന്‍സ്, ‘ എന്ന പരിപാടിയില്‍ സ്ത്രീ- ദളിത്-ലൈംഗിക ന്യൂനപക്ഷ ആക്ടിവിസ്റ്റുകളായ അര്‍ച്ചന പത്മിനി, അഡ്വ. ജലജ മാധവന്‍, എസ്. മൃദുലാദേവി, ആദി, ദിനു വെയില്‍, അഡ്വ. സുധ ഹരിദ്വാര്‍ (വിംഗ്‌സ്), അഡ്വ. നജ്മ തബ്ഷിറ, സിസിലി ജോര്‍ജ് (പുനര്‍ജനി), എം.പ്രേമ, സ്മിത നെരവത്ത്, മജ്‌നി തിരുവങ്ങൂര്‍ എന്നിവരും പങ്കെടുക്കും. വരമുഖിയുടെ നേതൃത്വത്തില്‍ ചിത്രകാരികളുടെ കൂട്ടായ്മയും ബിമല്‍ സ്മാരക ക്യാമ്പസ് കവിതാ പുരസ്‌കാര സമര്‍പ്പണവും ഇതോടനുബന്ധിച്ച് നടക്കും.

 

വിവരങ്ങള്‍ക്ക് ബന്ധപ്പെടാം: പി.കെ.പ്രിയേഷ് കുമാര്‍ (ചെയര്‍മാന്‍, ജനാധിപത്യവേദി) 9048331235, കെ.പി.ചന്ദ്രന്‍ (കണ്‍വീനര്‍, ജനാധിപത്യവേദി) 9447156099.